നെറ്റ്ഫഌക്‌സ് വീഡിയോകള്‍ സൗജന്യമായി കാണാന്‍ അവസരം. 48 മണിക്കൂര്‍ നേരത്തേക്ക് സൗജന്യമായി വീഡിയോകള്‍ ആസ്വദിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം ഒരുക്കുകയാണ് നെറ്റ്ഫഌക്‌സ്. ഡിസംബര്‍ നാലിന് ശേഷം എപ്പോള്‍ വേണമെങ്കിലും 48 മണിക്കൂര്‍ സൗജന്യസമയം ഉപയോഗപ്പെടുത്താം. സ്ട്രീംഫെസ്റ്റ് എന്ന പേരില്‍ പ്രൊമോഷണല്‍ ഓഫര്‍ എന്ന നിലയിലാണ് ഈ വാഗ്ദാനം.

നേരത്തെ 30 ദിവസത്തെ ഫ്രീ ട്രയല്‍ എന്ന പേരില്‍ നെറ്റ്ഫഌക്‌സ് ഓഫര്‍ നല്‍കിയിരുന്നു. എന്നാല്‍. ഇപ്പോഴുള്ള ഓഫര്‍ അതുപോലെ അല്ല. 48 മണിക്കൂര്‍ വീഡിയോകള്‍ കാണാന്‍ ഉപയോക്താക്കള്‍ക്ക് രജിസ്‌ട്രേഷനില്ലാതെയും പണം ഇല്ലാതെയും സാധിക്കും. മാത്രവുമല്ല, രണ്ട് ദിവസത്തെ ഉപയോഗം കഴിഞ്ഞാല്‍ നെറ്റ്ഫഌക്‌സ് നിങ്ങളില്‍നിന്ന് പണം ഈടാക്കില്ല.

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ നെറ്റ്ഫഌക്‌സ് നടത്തുന്ന പരീക്ഷണങ്ങളില്‍ ഒന്നാണ് 48 മണിക്കൂര്‍ നേരത്തെ ഈ ഓഫര്‍. 48 മണിക്കൂര്‍ നേരത്തെ സ്ട്രീം ഫെസ്റ്റ് ഓഫര്‍ ഇന്ത്യയില്‍ വിജയകരമായാല്‍ മറ്റ് വിപണികളിലേക്കും അത് അവതരിപ്പിക്കും.
നേരത്തെ ഉണ്ടായിരുന്ന ഒരു മാസത്തെ സൗജന്യ ട്രയല്‍ ഓഫര്‍ നെറ്റ്ഫഌക്‌സ് പിന്‍വലിച്ചിട്ടുണ്ട്. നെറ്റ്ഫഌക്‌സില്‍ വരിക്കാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരുമാസത്തേക്ക് സൗജന്യമായി ഉപയോഗിക്കാന്‍ അവസരം നല്‍കുകയാണ് ഇതില്‍ ചെയ്തിരുന്നത്.