കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനക്കേസ് നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പരാതി. ഇതുസംബന്ധിച്ച കന്യാസ്ത്രീ കോട്ടയം കുറുവിലങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

മഠത്തിലെ ഇതര സംസ്ഥാനക്കാരനായ തൊഴിലാളിയോട് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയുടെ ബന്ധുവായ ആള്‍ കന്യാസ്ത്രീയുടെ യാത്രാവിവരങ്ങള്‍ തേടുകയും കാറിന്റെ ബ്രേക്ക് കേബിള്‍ മുറിക്കാന്‍ സാധിക്കുമോ എന്ന് ആരായുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഇത് തന്നെ വധിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമാണ് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നത്.

എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയില്‍ പരാമര്‍ശിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ പ്രിന്റുവിന്റെ മൊഴിയെടുക്കാനായി കുറുവിലങ്ങാട് പൊലീസ് ഇന്ന് തന്നെ മഠത്തിലെത്തും.