ചെന്നൈ: മരണാനന്തര ബഹുമതിയായി കവി ഇങ്ക്വിലാബിന് നല്‍കിയ സാഹിത്യ അക്കാദമി നല്‍കിയ അവാര്‍ഡ് കവി ഇങ്ക്വിലാബിന്റെ കുടുംബം നിരസിച്ചു. വര്‍ഗീയതക്കും ജാതിയതക്കും എതിരെ സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്ന് കവി ഇങ്ക്വിലാബിന് വിമര്‍ശനമുണ്ടായിരുന്നു അതിനാല്‍ ഈ സര്‍ക്കാരില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് അറിയിക്കുന്ന കത്ത് അക്കാദമിക്ക് നല്‍കിയുണ്ടെന്ന് ഇങ്ക്വിലാബിന്റെ മകള്‍ ഡോ.ആമിന അറിക്കുകയായിരുന്നു.

രാജ്യത്ത് അക്രമങ്ങളും അടിച്ചമര്‍ത്തലുകളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അവാര്‍ഡ് സ്വീകരിച്ചാല്‍ ഇതേക്കുറിച്ച് വേവലാതിപ്പെടുകയും നിരന്തരം എഴുതുകയും ചെയ്ത ഇങ്ക്വിലാബ് നയിച്ച ജീവിതത്തോടും അദ്ദേഹത്തിന്റെ രചനകളോടും ചെയ്യുന്ന നീതികേടും വഞ്ചനയുമായിരിക്കും എന്ന് ഡോ.ആമിന അക്കാദമിക്ക് എഴുതിയ കത്തില്‍ പറയുന്നു.

ജീവിച്ചിരിക്കുന്ന കാലത്ത് എന്നും സര്‍ക്കാരിനെതിരെ സംസാരിച്ചയാളാണ് തന്റെ പിതാവ്. ഒരു അവാര്‍ഡുകളും സ്വീകരിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സര്‍ക്കാരുകളുടെ മുഖംമൂടി മാത്രമേ മാറുന്നുള്ളൂ, അതിന്റെ സ്വഭാവം മാറുന്നില്ലെന്ന് അദ്ദേഹം പറയുമായിരുന്നു എന്നും ആമിന പറഞ്ഞു.

താന്‍ എഴുതുന്നത് പുരസ്‌ക്കാരങ്ങളോ അംഗീകരമോ ആഗ്രഹിച്ചല്ല. ചോദ്യം ചെയ്യലുകള്‍, കുറ്റപ്പെടുത്തലുകള്‍ ഇതെല്ലാമാണ് താന്‍ ആഗ്രഹിക്കുന്ന സമ്മാനങ്ങള്‍ എന്ന് ഇങ്ക്വിലാബ് എഴുതിയിട്ടുണ്ട്. നിരവധി നോവലുകളും കവിതാസമാഹാരങ്ങളും ചെറുകഥകളും സാഹിത്യ നിരൂപണങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ച ഇങ്ക്വിലാബ് കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്.