കോഴിക്കോട്: നാടൊരു തൂവെള്ള പുഴയായി നിറഞ്ഞൊഴുകി. സത്യത്തിന്റെ തുറമുഖത്ത് ഹരിത സാഗരം അലയടിച്ചു. വര്‍ഗീയ വിരുദ്ധതയുടെ നിലപാടു തറയില്‍ നിന്ന് വൈദേശിക ആക്രമ രാഷ്ട്രീയത്തിനെതിരെ സന്ധിയില്ലാ പോരാട്ടം നടത്തിയ സാമൂതിരിമാരുടെയും കുഞ്ഞാലിമരക്കാര്‍മാരുടെയും തിരുമുറ്റത്ത് ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ യുവപോരാട്ടത്തിന്റെ കപ്പല്‍ നങ്കൂരമിട്ടപ്പോള്‍ ഐക്യദാര്‍ഢ്യവുമായി പതിനായിരങ്ങള്‍ ഒഴുകിയെത്തി. നൂറുക്കണക്കിന് ഗ്രീന്‍ഗാര്‍ഡുകളും ആയിരക്കണക്കിന് യുവപോരാളികളും പതിനായിരക്കണക്കിന് പുരുഷാരവും ആവേശത്തിരയായി.

യുവജന യാത്ര കടന്നു പോകുന്ന വഴിത്താരകളില്‍ പച്ചപ്പരവതാനി വിരിച്ചും പുഷ്പ വൃഷ്ടി നടത്തിയും കോല്‍ക്കളിയുടെയും ഗ്രീന്‍ വളണ്ടിയര്‍ സല്യൂട്ടിന്റെയും അകമ്പടിയോടെയുള്ള വരവേല്‍പ്പുകള്‍ യാത്രയുടെ ആകര്‍ഷകങ്ങളായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉച്ചയോടെ തന്നെ പ്രവര്‍ത്തകര്‍ കടപ്പുറത്തേക്ക് ഒഴുകുകയായിരുന്നു. അഞ്ച് മണിയോടെ വേദിയില്‍ പ്രഭാഷണം ആരംഭിച്ചു. ഇതേസമയം ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നിന്നും വൈറ്റ് ഗാര്‍ഡ് പരേഡ് ആരംഭിച്ചിരുന്നു. ഇതിന് പിന്നിലേക്ക് ആവേശത്തിരയിളക്കി യാത്ര വന്നുചേരുകയായിരുന്നു. യാത്ര വന്നുചേര്‍ന്നപ്പോള്‍ സദസ്സ് ഒന്നടങ്കം മുദ്രാവാക്യം വിളികളോടെ എഴുന്നേറ്റ് നിന്ന് സമരനായകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു.

കോഴിക്കോട് ജില്ലയിലെ പര്യടനത്തിന്റെ സമാപന മഹാസമ്മേളനം മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡി.എം.കെ നേതാവ് തൃച്ചിശിവ എം.പി മുഖ്യാതിഥിയായി.

ജാഥാ നായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ഉപ നായകന്‍ പി.കെ ഫിറോസും ഡയറക്ടര്‍ എം.എ സമദും കോഡിനേറ്റര്‍ നജീബ് കാന്തപുരവും നയിക്കുന്ന മുസ്‌ലിം യൂത്ത്‌ലീഗ് യുവജന യാത്ര നാളെ വയനാട്ടില്‍ നിന്ന് പ്രയാണം തുടരും.