പാരീസ് : പരിക്കിനെ തുടര്‍ന്ന് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് റഷ്യന്‍ ലോകകപ്പ് നഷ്ടമായേക്കും. കഴിഞ്ഞവാരം ഫ്രഞ്ച് ലീഗില്‍ മഴ്‌സലിക്കെതിരെയുള്ള മത്സരത്തിലിയായിരുന്നു നെയ്മറിന് കാലിനു പരിക്കേറ്റത്. വലതുകാലിന്റെ ആങ്കിളിനു പരിക്കേറ്റ താരത്തിനെ സ്‌ട്രെക്ച്ചറിലാണ് കൊണ്ടു പോയത്. ആദ്യം പരിക്ക് അതീവ ഗുരുതരമല്ലെന്ന് കരുതിയെങ്കിലും ഇപ്പോള്‍ താരത്തിന് സര്‍ജറി വേണമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

സര്‍ജറിക്ക് വിധേയമായാല്‍ കുറഞ്ഞപക്ഷം നെയ്മര്‍ രണ്ടുമാസമെങ്കിലും കളത്തിനു പുറത്തിരിക്കേണ്ടിവരും. സര്‍ജറിശേഷം രണ്ടുമാസം കഴിഞ്ഞ് താരം പരിശീലനത്തിനിറങ്ങിയാലും കായികക്ഷമത അനുസരിച്ചാവും ലോകകപ്പിന് കളിക്കാനാവുമോ എന്ന കാര്യത്തില്‍ തീരുമാനമാവുക. നിലവില്‍ സാഹചര്യത്തില്‍ നെയ്മറിന്റെ ലോകകപ്പ് സംശയത്തിലാണെന്ന് പ്രമുഖ സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

അടുത്തയാഴ്ച യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍മാരായ റയല്‍ മഡ്രിഡിനെ സ്വന്തം മൈതാനത്ത് നേരിടാനിറങ്ങുന്ന പി.എസ്.ജിക്ക് നെയ്മറിന്റെ അഭാവം വലിയ തിരിച്ചടിയാണ്. ആദ്യപാദത്തില്‍ റയലിന്റെ തട്ടകത്തില്‍ 3-1ന് തോറ്റ ഫ്രഞ്ച് ചാമ്പ്യന്‍മാര്‍ക്ക് വലിയ മാര്‍ജിനിലുള്ള വിജയം തന്നെ വേണം അവസാന എട്ടില്‍ ഇടം നേടാന്‍.

Soccer Football – Paris Saint-Germain F.C. – Neymar Jr Press Conference – Paris, France – August 4, 2017 New Paris Saint-Germain signing Neymar Jr REUTERS/Christian Hartmann

നെയ്മറിനെ കൂടാതെ ബ്രസീലിന്റെ തന്നെ പ്രതിരോധ താരം മാര്‍ക്വിഞ്ഞോസും പരിക്കിറ്റ പിടിയിലാണ്. ഇതും ടീമിനെ വലിയ രീതിയില്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. നെയ്മറിന് പകരം അര്‍ജന്റീനന്‍ താരം ഏഞ്ചല്‍ ഡി മരിയയും മാര്‍കിനോസിനു പകരം കിംപെംബയും യുനയ് എമിറി പരീക്ഷിച്ചേക്കും എന്നാണ് സൂചന. മാര്‍ച്ച് ആറിനാണ് പി.എസ്.ജി-റയല്‍ മാഡ്രിഡ് മത്സരം.

അതേസമയം റഷ്യന്‍ ലോകകപ്പിലെ കിരീട ഫേവറേറ്റ്‌സുകളായ ബ്രസിലിന് നായകന്‍ നെയ്മറിന്റെ അഭാവം കനത്ത ആഘാതമാണ് നല്‍കുക. പരിശീലകന്‍ ടിറ്റേ നെയ്മറിനെ മുന്‍നിര്‍ത്തിയാണ് ലോകകപ്പ് ടീമിനെ സജ്ജമാക്കുന്നത്. നെയ്മറിന് ലോകകപ്പ് നഷ്ടമായാല്‍ സൂപ്പര്‍താരത്തിന്റെ അഭാവം ടീമിനെ എത്രത്തോളം ബാധിക്കുമെന്നും ഇതിനെ കോച്ച് എങ്ങനെ അതിജീവിക്കുമെന്നും കണ്ടറിയണം. നെയ്മറിന് ലോകകപ്പ് നഷ്ടമായാല്‍ അതു ലോകം എമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്കും നിരാശ സമ്മാനിക്കും. വരുന്ന ജൂണ്‍ 14ന് ആരംഭിക്കുന് റഷ്യന്‍ ലോകകപ്പ് ജൂലൈ 15ന് അവസാനിക്കും.