2017-18 ഫുട്‌ബോള്‍ സീസണ്‍ അവസാനിക്കാനിരിക്കെ സൂപ്പര്‍ താരം നെയ്മറിന്റെ കാര്യത്തില്‍ ഫ്രഞ്ച് ലീഗ് വമ്പന്മാരായ പി.എസ്.ജി ആശങ്കയില്‍. പരിക്കില്‍ നിന്ന് മോചനം നേടുന്ന താരം ലോകകപ്പില്‍ ബ്രസീലിനു വേണ്ടി ബൂട്ടുകെട്ടാനുള്ള ഒരുക്കത്തിലാണെങ്കിലും ആധി മുഴുവന്‍ റെക്കോര്‍ഡ് തുക മുടക്കി ബാര്‍സലോണയില്‍ നിന്ന് നെയ്മറിനെ സ്വന്തമാക്കിയ ഫ്രഞ്ച് ക്ലബ്ബിനാണ്. അടുത്ത സീസണില്‍ നെയ്മര്‍ റയല്‍ മാഡ്രിഡിനു വേണ്ടി കളിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പി.എസ്.ജി കോച്ച് ഉനായ് എംറി, പത്താം നമ്പര്‍ താരത്തിന്റെ തിരിച്ചുവരവിനെ പറ്റി തനിക്കൊന്നും അറിയില്ലെന്ന് വ്യക്തമാക്കിയത്.

കോപ് ദെ ഫ്രാന്‍സ് കപ്പ് ഫൈനലില്‍ 3-1 ന് കായെനിനെ തകര്‍ത്ത് കപ്പടിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് പി.എസ്.ജി കോച്ച് നെയ്മറിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചത്.

‘നെയ്മറിന്റെ തിരിച്ചുവരവ് അദ്ദേഹത്തിന്റെ കയ്യിലാണ്. പരീക്ഷകള്‍ നേരിടാന്‍ തയ്യാറാകുമ്പോള്‍ അദ്ദേഹം തിരിച്ചുവരും. പക്ഷേ, എപ്പോള്‍? എനിക്കറിയില്ല. എനിക്കറിയില്ല. അദ്ദേഹം പൂര്‍ണാരോഗ്യം കൈവരിക്കുമ്പോള്‍ (വരുമായിരിക്കും).’ ഉനയ് എംറി പറഞ്ഞു.

ഫ്രഞ്ച് ലീഗില്‍ മാഴ്‌സേക്കെതിരായ മത്സരത്തിലാണ് കാല്‍ മടക്കിച്ചവിട്ടി നെയ്മറിന് പരിക്കേറ്റത്. കാല്‍ക്കുഴയിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് താരം സുഖം പ്രാപിക്കുകയാണെന്നാണ് വിവരം. അതേസമയം, തന്റെ പരിക്കിനെ ക്ലബ്ബ് കൈകാര്യം ചെയ്ത രീതിയില്‍ നെയ്മര്‍ അതൃപ്തനാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

അതിനിടെയാണ് സൂപ്പര്‍ താരത്തിനു വേണ്ടി റയല്‍ മാഡ്രിഡ് ശ്രമം ശക്തമാക്കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സ്‌പെയിനിലേക്ക് തിരിച്ചെത്താന്‍ നെയ്മറിന് ആഗ്രഹമുണ്ടെന്ന് ദേശീയ ടീമിലെ സഹതാരം മാഴ്‌സലോ വ്യക്തമാക്കുകയും ചെയ്തു. നെയ്മറിനായി റെക്കോര്‍ഡ് തുക മുടക്കാന്‍ റയല്‍ മാനേജ്‌മെന്റും തയ്യാറാണ്.

ബാര്‍സലോണയിലെ സഹതാരം ലയണല്‍ മെസ്സിക്കൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത നെയ്മര്‍, ഒരു പുതിയ വാര്‍ത്ത ഉടന്‍ കേള്‍ക്കാമെന്ന് ആരാധകര്‍ക്ക് ഉറപ്പു കൊടുത്തു. ബാര്‍സയിലേക്കുള്ള മടക്കമായിരിക്കുമോ ആ വാര്‍ത്ത എന്നറിയാനാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.