കൊച്ചി; യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയയെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ദെയാഹര്‍ജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ഉദ്യോഗസ്ഥര്‍ ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങും.

യെമന്‍ സ്വദേശിയുടെ കുടുംബവുമായി ചര്‍ച്ച നടത്തി കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമം. എംബസി ഉദ്യോഗസ്ഥരുടെ നീക്കം ആശ്വാസകരമായ നടപടിയാണെന്നായിരുന്നു നിമിഷപ്രിയയുടെ കുടുംബത്തിന്റെ പ്രതികരണം.

യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചെന്നതാണ് നിമിഷയ്ക്ക് എതിരെയുള്ള കേസ്. 2017ലായിരുന്നു സംഭവം. നിമിഷയെ താന്‍ വിവാഹം കഴിച്ചെന്ന് വ്യാജ രേഖകള്‍ നിര്‍മിച്ച് തലാല്‍ മെഹ്ദി അവകാശപ്പെട്ടിരുന്നു. എന്നാല്‍ സ്വന്തമായി ക്ലിനിക്ക് തുടങ്ങാനാണ് ഇയാളുടെ സഹായം തേടിയതെന്നും പക്ഷേ, യെമന്‍ പൗരന്‍ സാമ്പത്തികമായി ചതിച്ചെന്നുമാണ് നിമിഷപ്രിയ പറയുന്നത്.

കേസില്‍ വധശിക്ഷ നടപ്പാക്കുന്നത് യെമനിലെ ഉന്നതകോടതി ഓഗസ്റ്റില്‍ സ്‌റ്റേ ചെയ്തിരുന്നു. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്നുള്ള ഹര്‍ജി പരിഗണിച്ചാണ് ഉന്നത കോടതി സ്‌റ്റേ അനുവദിച്ചത്.