സിപിഎംസിപിഐ തര്‍ക്കം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേരള തീരത്ത് ഓഖി ചുഴലി കൊടുങ്കാറ്റ് വന്‍ നാശം വിതച്ചപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടന്ന് പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയിലെ കേരള ഹൗസില്‍ പത്ര പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ ജനങ്ങള്‍ തടയുന്നിടത്തോളം കാര്യങ്ങള്‍ പോയത് ദൗര്‍ഭാഗ്യകരമാണന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നവമ്പര്‍ 28നു കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര മന്ത്രി തന്നെ വ്യക്തമാക്കിയതാണ്. എന്നിട്ടും തീരദേശ മേഖലയില്‍ മുന്നറിയിപ്പ് നല്‍കാനോ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ക്രമീകരണമൊരുക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല. സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചപ്പോള്‍ കാണിച്ച അതെ നിരുത്തരവാദ സമീപനമാണ് ഓഖി കൊടുങ്കാറ്റ് സൃഷ്ടിച്ച കഷ്ടതകളെ നേരിടുന്നതിലും പിണറായി സര്‍ക്കാര്‍ സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഷര്‍ട്ടില്‍ വെള്ളം വീഴുന്നത് കൊണ്ടാണോ മുഖ്യമന്ത്രി ദുരിത മേഖലകള്‍ സന്ദര്‍ശിക്കാത്തത് എന്നറിയില്ല, അങ്ങനെയെങ്കില്‍ ഹെലികോപ്റ്ററിലെങ്കിലും കാര്യങ്ങള്‍ കണ്ട് മനസ്സിലാക്കാമായിരുന്നന്ന് പരിഹാസ രൂപേണ പ്രതിപക്ഷ നേതാവ് പറഞ്ഞു. ഓഖി ചുഴലി കൊടുങ്കാറ്റിനെ പറ്റി മുന്നറിയിപ്പുകള്‍ കണ്ടപ്പോള്‍ തന്നെ മുഖ്യമന്ത്രിയെ സെക്രട്ടേറിയേറ്റില്‍ പോയി കണ്ടിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൂര്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നും വിഴിഞ്ഞത്തും പൂന്തുറയിലും കണ്‍ട്രോള്‍ റൂം തുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരുവനന്തപുരം എയര്‍പ്പോര്‍ട്ടിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ കണ്‍ട്രോള്‍ റൂംതുറക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്തത് അദ്ധേഹം കുറ്റപ്പെടുത്തി. സിപിഐസിപിഎം തര്‍ക്കം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഓഖി വലിയ നാശം വിതച്ചിട്ടും ദുരിന്ത നിവാരണ അതേറിറ്റിയുടെ ഉത്തരവാദിത്തമുണ്ടായിട്ടു കൂടി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ റവന്യൂ മന്ത്രി തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലുള്ള ശീത സമരമാണ് ഇതിനു കാരണമെന്നും രമേശ് ചെന്നിത്തല ആരേപിച്ചു. കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര ദുരിതാശ്വാസ സഹായമായി 500 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കണം. ഇതിനു സര്‍ക്കാര്‍ ഇടക്കാല റിപ്പോര്‍ട്ട് കേന്ദ്രത്തിനു സമര്‍പ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ച പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെ വിളിക്കാതിരുന്നത് ശരിയായില്ലന്നും അദ്ധേഹം പറഞ്ഞു. ദൂരന്ത സമയത്ത് രാഷ്ട്രീയം പറയുന്ന സമീപനം യുഡിഏഫ് ഒരിക്കലും സ്വീകരിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം മറക്കുമ്പോള്‍ ഓര്‍മ്മിപ്പിക്കേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി ശ്രീ രമേശ് ചെന്നിത്തല പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 25ാം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിനു യൂഡിഎഫ് മതേതര സംരക്ഷണ ദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ പറഞ്ഞു.