സെന്റ്പീറ്റേഴ്‌സ് ബര്‍ഗ്: നൈജീരിയക്കെതിരായ മത്സരം മനോഹരമായി വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സൂപ്പര്‍ താരം ലയണല്‍ മെസ്സി. ദൈവം ഞങ്ങളുടെ കൂടെയുണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ദൈവം ഞങ്ങളെ പുറത്ത് പോകാന്‍ അനുവദിക്കില്ലെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു. ഞങ്ങളെ പ്രോത്സാഹിപ്പിക്കാനായെത്തിയ മുഴുവന്‍ ആരാധകര്‍ക്കും നന്ദി പറയുന്നു. അര്‍ജന്റീന ദേശീയ ടീമിന്റെ കുപ്പായം ഞങ്ങള്‍ക്ക് എല്ലാത്തിനും മുകളിലാണ്-മെസ്സി പറഞ്ഞു.

ജീവിക്കണോ അതോ മരിക്കണോ? ഇതായിരുന്നു നൈജീരിയക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ അര്‍ജന്റീനയുടേയും മെസ്സിയുടേയും മുന്നിലുള്ള ചോദ്യം. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്നും ഭിന്നമായി യഥാര്‍ഥ അര്‍ജന്റീനയേയും മെസ്സിയേയുമാണ് കളത്തില്‍ കണ്ടത്. ജയിക്കണമെന്ന ഒരേയൊരു ലക്ഷ്യവുമായിറങ്ങിയ അര്‍ജന്റീന പൊരുതി. അതിന് ഫലമുണ്ടായത് പതിനാലാം മിനിറ്റില്‍. ബനേഗയുടെ നീളന്‍ പാസ് ഏറ്റുവാങ്ങിയ മെസ്സി നൈജീരിയന്‍ പ്രതിരോധം തുളച്ചു കയറി വലംകാലന്‍ ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. പെനാല്‍റ്റിയിലൂടെ നൈജീരിയ ഗോള്‍ മടക്കിയതോടെ അര്‍ജന്റീന വീണ്ടും പ്രതിരോധത്തിലായി.

കളി അവസാന മിനിറ്റിലേക്ക് അടുത്തതോടെ ആരാധകരുടെ നെഞ്ചിടിപ്പേറി. 86-ാം മിനിറ്റില്‍ മെര്‍ക്കാഡോയുടെ ക്രോസ് റോഹോ നൈജീരിയന്‍ പോസ്റ്റിലേക്ക് തിരിച്ചുവിട്ടതോടെ ഫലം പൂര്‍ത്തിയായി. ഏത് പൊസിഷനിലാണെങ്കിലും പന്ത് കിട്ടിയാല്‍ പോസ്റ്റിലേക്ക് ഷോട്ടുതിര്‍ക്കണമെന്നായിരുന്നു മെസ്സി ഇടവേളയില്‍ ഞങ്ങള്‍ക്ക് നല്‍കിയ ഉപദേശമെന്ന് റോഹോ മത്സരശേഷം പ്രതികരിച്ചു.