ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം രൂക്ഷം. പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ കുപ്‌വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. അതിര്‍ത്തി രക്ഷാ സേനയില്‍ കോണ്‍സ്റ്റബിള്‍ ആയ മഹാരാഷ്ട്രയിലെ സംഗ്‌ലി സ്വദേശി കോലി നിതിന്‍ സുഭാഷ്(28) ആണ് വീരമൃത്യു വരിച്ചത്. ഇന്നലെ കാലത്ത് ഏഴ് മണിയോടെയാണ് വെടിവെപ്പുണ്ടായത്. ഇതേതുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.

വെള്ളിയാഴ്ച രാത്രി പാക് സൈന്യത്തിന്റെ സഹായത്തോടെ നിയന്ത്രണ രേഖ ലംഘിച്ചുകടന്ന ഭീകരര്‍ ഇന്ത്യന്‍ സൈനികനെ വധിക്കുകയും അംഗഛേദം ചെയ്ത് മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സൈന്യം തിരിച്ചടിക്ക് ഒരുങ്ങുന്നതിനിടെയാണ് ഇന്നലെ കാലത്ത് വീണ്ടും പാക് പ്രകോപനമുണ്ടായത്. ആര്‍.എസ് പുര, കത്വ സെക്ടറുകളിലും വെടിനിര്‍ത്തല്‍ ലംഘനമുണ്ടായി.

നിയന്ത്രണ രേഖക്കു സമീപം സുരക്ഷാ ചുമതലയില്‍ നിയോഗിക്കപ്പെട്ട സൈനികനെയാണ് കഴിഞ്ഞ ദിവസം രാത്രി പാക് ഭീകരര്‍ വധിച്ചത്. സൈന്യം നടത്തിയ വെടിവെപ്പില്‍ ഭീകരരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ പാക് അധീന കശ്മീരിലേക്കു രക്ഷപ്പെട്ടതായാണ് വിവരം.
ഔദ്യോഗികവും (സൈന്യം) അനൗദ്യോഗികവുമായ(ഭീകരര്‍) പാക് സംഘടനകള്‍ പിന്തുടരുന്ന കാടന്‍ നടപടികളുടെ ഉദാഹരണമാണ് സൈനികന്റെ മൃതദേഹം വികൃതമാക്കിയ സംഭവമെന്ന് ബി.എസ്.എഫ് വക്താവ് പ്രതികരിച്ചു. വെള്ളിയാഴ്ച രാത്രിയും ഇന്നലെ പകലുമായി പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. ജമ്മു, കത്വ, പൂഞ്ച്, രജൗരി ജില്ലകളിലാണ് സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായത്. 120 എം.എം മോര്‍ട്ടാര്‍ ഷെല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

ഈ മാസം 21നുശേഷം ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി ബി.എസ്.എഫ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ആരോപണം നിഷേധിച്ച് പാകിസ്താന്‍ രംഗത്തെത്തിയെങ്കിലും ഇതിനു തൊട്ടു പിന്നാലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണം ശക്തിപ്പെടുത്തുകയായിരുന്നു.
വീരമൃത്യു വരിച്ച സൈനികന്‍ നിതിന്‍ സുഭാഷ് 2008ലാണ് ബി.എസ്.എഫില്‍ ചേര്‍ന്നത്. ഭാര്യയും നാലും രണ്ടും വയസ്സുള്ള രണ്ടു മക്കളുമുണ്ട്. ഇതോടെ പത്തു ദിവസത്തിനിടെ പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഏഴ് ആയി. നാല് കരസേനാംഗങ്ങളും മൂന്ന് ബി.എസ്.എഫ് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്.