ഇസ്ലാമാബാദ്: പാകിസ്താനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ പുതിയ വീഡിയോ പാകിസ്താന്‍ പുറത്തുവിട്ടു. പാക് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട വീഡിയോയില്‍ കുല്‍ഭൂഷന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറെ കുറ്റപ്പെടുത്തിയും പാക് സര്‍ക്കാരിനോട് നന്ദി പറഞ്ഞും സംസാരിക്കുന്നതുണ്ട്. അതേസമയം, വീഡിയോ വ്യാജമാണെന്നാണ് ഇന്ത്യയുടെ നിലപാട്. വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

തന്റെ ഭാര്യയോടും മാതാവിനോടും പാകിസ്താന്‍ അധികൃതര്‍ മാന്യമായി പെരുമാറി. എന്നാല്‍ ഇന്ത്യന്‍ ഹൈകമീഷണര്‍ അവരെ തന്റെ മുന്നില്‍ വച്ച് ശകാരിച്ചതായും ജാദവ് പറയുന്നു. ഭാര്യയും മാതാവും ഭയപ്പെട്ടതുപോലെ തനിക്ക് തോന്നി. ഇരുവരെയും കാണാനായതില്‍ താന്‍ സന്തോഷവാനാണ്. താന്‍ ഇപ്പോഴും ഇന്ത്യന്‍ നാവികോദ്യോഗസ്ഥനാണെന്നും വിഡിയോയില്‍ ജാദവ് പറയുന്നുണ്ട്.