പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാന്‍ പാക്കിസ്ഥാന്‍ നല്‍കിയ അനുമതി അംഗീകരിച്ച് ഇന്ത്യ. കുല്‍ഭൂഷണ്‍ ജാദവുമായി കൂടികാഴ്ച നടത്താന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ പാക്കിസ്ഥാനിലേക്ക് പോകും. ഇന്ത്യയുടെ ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയയാണ് ജാദവിനെ കാണാന്‍ പാക്കിസ്ഥാനിലേക്ക് പോകുക. സ്വതന്ത്രമായി കുല്‍ഭൂഷണനോട് സംസാരിക്കാനുള്ള അവസരം പാക്കിസ്ഥാന്‍ ഒരുക്കി തരുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശമന്ത്രാലയം പ്രതികരിച്ചു.

കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാന്‍ ഞായറാഴ്ചയാണ് പാക്കിസ്ഥാന്‍ അനുമതി നല്‍കിയത്. കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അവസരം വേണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം പാക്കിസ്ഥാന്‍ തള്ളുകയായിരുന്നു. ജാദവിന് വധശിക്ഷ വിധിച്ച നടപടി പുനഃപരിശോധിക്കണമെന്നും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയുണ്ട്.