പാലക്കാട്: ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി. അട്ടപ്പാടിയിലെ ആദിവാസി യുവതിയുടെ മൃതദേഹമാണ് മാറി നല്‍കിയത്. പാലക്കാട് സ്വദേശിനി ജാനകി അമ്മയുടെ മൃതദേഹത്തിന് പകരമാണ് വള്ളിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കിയത്. മാറി നല്‍കിയ സ്ത്രീയുടെ മൃതദേഹം ദഹിപ്പിച്ചു. ഇന്നലെയായിരുന്നു സംഭവം.

രണ്ട് ദിവസം മുന്‍പ് അട്ടപ്പാടി അഗളിയില്‍ തോട്ടിലേക്ക് കാല്‍ വഴുതി വീണാണ് വള്ളി മരിച്ചത്. കൊവിഡ് ബാധിച്ചായിരുന്നു ജാനകി അമ്മയുടെ മരണം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് മൃതദേഹം സംസ്‌കരിച്ചിരുന്നു.

വള്ളിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്താതെയാണ് വിട്ടുനല്‍കിയതെന്നും വിവരം. മൃതദേഹം മാറി നല്‍കിയത് ആരുടെ ഭാഗത്ത് നിന്നുള്ള തെറ്റാണെന്നതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പിഴവില്‍ അന്വേഷണം ആരംഭിച്ചു.