അഹമ്മദാബാദ്: ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പില്‍ നടത്തിയ മികച്ച പോരാട്ടത്തിന് പിന്നാലെ, സഭയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ യുവരക്തത്തെ തേടി കോണ്‍ഗ്രസ്. പട്ടീദാര്‍ നേതാവായ പരേഷ് ധനാനിയെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വന്‍ തോക്കുകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് യുവനേതൃത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. സൗരാഷ്ട്രയിലെ അംറേലിയില്‍നിന്ന് ബി.ജെ.പിയുടെ ബവ്കുഭായ് ഉനന്ദിനെ തോല്‍പ്പിച്ചാണ് പരേഷ് സഭയിലെത്തുന്നത്.

പട്ടേലുമാര്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ തവണയും പരേഷാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. നിരവധി കര്‍ഷകരുള്ള മണ്ഡലം കൂടിയാണ് ഇത്. മണ്ഡലത്തിലെ പ്രധാന വിഷയവും കര്‍ഷക പ്രശ്‌നങ്ങളായിരുന്നു. 12,029 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇദ്ദേഹം എതിര്‍ സ്ഥാനാര്‍ത്ഥിയെ തറപറ്റിച്ചത്. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിരവധി റാലികളില്‍ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. നേരത്തെ, വിധാന്‍ സഭയില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ സഭക്കു മുമ്പില്‍ നിരാഹാരം കിടന്ന് പരേഷ് പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ സ്പീക്കര്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

പട്ടേലുമാരുടെയും കര്‍ഷകരുടെയും പിന്തുണ ഇദ്ദേഹത്തിന് ലഭിക്കുന്നത് കോണ്‍ഗ്രസ് ശുഭസൂചകമായി കാണുന്നു. സൗരാഷ്ട്ര മേഖലയില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തിയതും ഇദ്ദേഹത്തിന് സഹായകമാകും. മേഖലയില്‍ കോണ്‍ഗ്രസ് 30 സീറ്റിലും ബി.ജെ.പി 23 സീറ്റിലുമാണ് വിജയിച്ചിരുന്നത്.

മുതിര്‍ന്ന നേതാക്കളായ ശക്തിസിങ് ഗോഹില്‍, അര്‍ജുന്‍ മോദ്‌വാദിയ, സിദ്ധാര്‍ത്ഥ് പട്ടേല്‍, തുഷാര്‍ ചൗധരി തുടങ്ങിയവരെല്ലാം ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. പരേഷ്, അല്‍പേഷ് താക്കൂര്‍, ജിഗ്‌നേഷ് മേവാനി തുടങ്ങിയ യുവനിര ഇത്തവണ സഭയില്‍ പ്രതിപക്ഷ നിരയ്ക്ക് കരുത്തേകും.