കർഷകർക്ക് ആശ്വാസമായി പാഷൻഫ്രൂട്ടിന് വില വർധിക്കുന്നു. നിലവിൽ കിലോയ്ക്ക് 70 രൂപയിലധികം ലഭിക്കുന്നത് കർഷകർക്ക് നേരിയ പ്രതീക്ഷ നൽകുന്നുണ്ട്. ലോക്ക്ഡൗൺ കാലത്ത് 30 രൂപ മാത്രമായിരുന്നു കേരളത്തിലെ പല കർഷകർക്കും ലഭിച്ചിരുന്നത്. ഇതോടെ കൃഷിയിൽ നിന്നും പലരും പിൻവാങ്ങാനുമാരംഭിച്ചിരുന്നു. വേനൽ ശക്തമാകുന്നതോടെ ഇനിയും വില വർധിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചതോടെയായിരുന്നു കോവിഡ് കാലത്ത് പാഷൻഫ്രൂട്ടിന് വില കുറഞ്ഞത്.

വിലവർധന പ്രതീക്ഷ നൽകുന്നതാണെന്നും, കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്നും പാഷൻഫ്രൂട്ട് കർഷകനായ വനാട് ജില്ലയിലെ മുള്ളൻകൊല്ലി ഇരിപ്പൂട് മരോട്ടിമൂട്ടിൽ സാബു പറയുന്നു. പാഷൻഫ്രൂട്ട് കൃഷി പ്രതീക്ഷയോടെയാണ് ചെയ്തതെങ്കിലും വിലതകർച്ച മൂലം കൃഷിയിൽ നിന്നും പിന്തിരിയേണ്ട സാഹചര്യം വരെയുണ്ടായിട്ടുണ്ടെന്ന് പുൽപ്പള്ളി കളനാടിക്കൊല്ലിയിലെ കർഷകനായ സന്തോഷും പറയുന്നു. വില വർധിച്ചാൽ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സാബുവിനെയും സന്തോഷിനെയും പോലുള്ളവർ. കാര്യമായ കയറ്റുമതി നടക്കാത്തതിനാലാണ് വില പ്രതീക്ഷിച്ചയത്ര ഉയരാത്തതെന്നും, സർക്കാർ സംഭരണം ആരംഭിച്ചാൽ അത് കർഷകർക്ക് ഏറെ ഗുണം ചെയ്യുമെന്നുമാണ് പാഷൻഫ്രൂട്ട് കർഷകർക്ക് പറയാനുള്ളത്.

മറ്റ് കൃഷികൾ പോലെ കൂടുതൽപരിചരണങ്ങൾ ആവശ്യമില്ലാത്ത കൃഷിയാണ് പാഷൻഫ്രൂട്ടിന്റേത്. തൈവളർന്ന് വള്ളിയായി കഴിഞ്ഞാൽ പന്തൽകെട്ടി നെറ്റ് വിരിച്ചാൽ മാത്രം മതി. രോഗബാധയൊന്നും പാഷൻഫ്രൂട്ടിനെ ബാധിച്ചിട്ടില്ലെന്നതും മറ്റൊരു വസ്തുതയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം മറ്റ് കാർഷികവിളകൾ വ്യാപകമായി നശിച്ചപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ നട്ട് പരിപാലിച്ചവരാണ് ഭൂരിഭാഗം പേരും. ഔഷധഗുണമാണ് പാഷൻഫ്രൂട്ട് ആകർഷിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മഞ്ഞ, വയലറ്റ് പാഷൻഫ്രൂട്ടുകളാണ് കൂടുതൽ പേരും കൃഷി ചെയ്യുന്നത്.

ഭൂരിഭാഗം സ്ഥലത്തും വയലറ്റ് നിറത്തിലുള്ള പാഷൻഫ്രൂട്ടാണുള്ളത്. പാഷൻഫ്രൂട്ട് വിപണിയിലെത്തിക്കുമ്പോൾ തരംതിരിച്ചാണ് എടുക്കുന്നതെന്ന പരാതി കർഷകർക്കുണ്ട്. തരം തിരിച്ചതിന് ശേഷം ഫസ്റ്റ് ഗ്രേഡിൽ വരുന്നവക്ക് മാത്രമാണ് വിപണി വില ലഭിക്കുന്നത്. അല്ലാത്തവക്ക് പിന്നെയും വില കുറക്കും. വേനൽ ശക്തമാകുന്നതോടെ മാർച്ച്-ഏപ്രിൽമാസങ്ങളോടെ വില വർധിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. ജ്യൂസ്, സ്‌ക്വാഷ് എന്നിവയാണ് പാഷൻഫ്രൂട്ടിൽ നിന്നുള്ള പ്രധാന ഉല്പന്നങ്ങൾ.

കുടുംബശ്രീ യൂണിറ്റുകൾ വരെ പാഷൻഫ്രൂട്ടിന്റെ സ്‌ക്വാഷ് വിപണനത്തിന് തയ്യാറാക്കാറുണ്ട്. ഗുണമേന്മയുള്ള പാഷൻഫ്രൂട്ടിന്റെ തൈകളും സാബുവിന്റെ നഴ്‌സറിയിൽവിൽപ്പനക്ക് തയ്യാറാക്കിയിട്ടുണ്ട്. കൂടുതൽ പേർ ഈ കൃഷിയിലേക്ക് തിരിയണമെന്നാണ് സാബുവിനെയും, സന്തോഷിനെയും പോലുള്ള കർഷകരുടെ ആഗ്രഹം.

കേരളം, തമിഴ്‌നാട് (നീലഗിരി, കൊടൈക്കനാൽ), കർണാടക (കൂർഗ്), ഉത്തരകിഴക്ക് സംസ്ഥാനങ്ങളായ മിസോറാം, നാഗാലാന്റ്, മണിപൂർ, സിക്കിം എന്നിവിടങ്ങളിൽ 9110 ഹെക്ടർ വിസ്തൃതിയിൽ 45820 ടൺ പാഷൻ ഫ്രൂട്ട് ഉത്പാദിപ്പിക്കുന്നു. ശരാശരി ഉത്പാദനം അഞ്ച് ടൺ/ഹെക്ടർ ആണ്; ബ്രസീൽ, ആസ്‌ട്രേലിയ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ (3035 ടൺ/ഹെക്ടർ) ഇത് അത്യധികമായ കുറവുതന്നെയാണ്.

ഉഷ്ണ മേഖല രാജ്യങ്ങളായ ഓസ്‌ട്രേലിയ, ഹവായ്, സൗത്ത് ആഫ്രിക്ക, ബ്രസീൽ മുതലായ രാജ്യങ്ങളിൽ പാഷൻ ഫ്രൂട്ട് ധാരാളമായി കണ്ടുവരുന്നുണ്ട്. 90 ശതമാനം ഉത്പാദനവും ബ്രസീലിൽ നിന്നാണ്. പെറു, വെനിസ്വേല, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, ഓസ്‌ട്രേലിയ മുതലായവയാണ് മറ്റ് പ്രധാന ഉത്പാദന രാജ്യങ്ങൾ. ബ്രസീലിന്റെ പാഷൻ ഫ്രൂട്ട് വാർഷിക ഉൽപാദനം അഞ്ചു ലക്ഷം ടൺ വരും. ഒരു ഹെക്ടറിൽ നിന്നും ഏകദേശം 14 ടൺ പാഷൻ ഫ്രൂട്ട് ഇവിടെ ഉത്പാദിപ്പിക്കുന്നു. ഇന്ത്യയിൽ പാഷൻ ഫ്രൂട്ട് ഉത്പാദനത്തിന്റെ 80 ശതമാനവും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് നടക്കുന്നത്. വയനാട് ജില്ലക്ക് പുറമെ കുടക്, നീലഗിരി എന്നിവിടങ്ങളിൽ പാഷൻഫ്രൂട്ട് വ്യാപകമായി വളർത്തുന്നുണ്ട്.