പത്തനംതിട്ട: നാളെ ശബരിമല നട തുറക്കുമ്പോള്‍ വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് പത്തനംതിട്ട കളക്ടര്‍ പി.ബി നൂഹ്. നടതുറക്കുന്ന സാഹചര്യത്തില്‍ നിലയ്ക്കല്‍,പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നീ നാല്സ്ഥലങ്ങളില്‍ ആറാംതിയതി അര്‍ധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പുവരുത്താനാണ് 144 പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകളെ അണിനിരത്തി പ്രതിഷേധം ശക്തമാകാനിടയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് ആവശ്യമെങ്കില്‍ വനിതാ പൊലീസിനെ വിന്യസിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വിശദമാക്കി. സ്ത്രീ പ്രവേശനത്തിനെതിരെ സ്ത്രീകളെ അണിനിരത്തി പ്രശ്‌നമുണ്ടാക്കാന്‍ ബിജെപി ആര്‍എസ്എസ് ശ്രമം നടക്കുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയത്.