കാസര്‍കോട്: പെരിയയില്‍ വെട്ടിക്കൊല്ലപ്പെട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ ഇന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് സന്ദര്‍ശനം നടത്തും. ഉച്ചക്ക് ശേഷമാണ് ഉമ്മന്‍ചാണ്ടി പെരിയ കല്യോട്ടെ കൃപേഷിന്റെയും ശരത്‌ലാലിന്റേയും വീട്ടിലെത്തുക. കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സനും ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടാകും.

അതേസമയം, ഇന്നലെ രാത്രി വിലാപയാത്രക്ക് ശേഷം കല്യോട്ടും പരിസരപ്രദേശങ്ങളിലും പരക്കെ അക്രമം നടന്നിരുന്നു. വിലാപയാത്ര കടന്നു പോയ വഴിയിലെ സി.പി.എം അനുഭാവിയുടെ കട തീവെച്ച് നശിപ്പിച്ചു. നിരവധി കടകള്‍ അടിച്ചുതകര്‍ത്തു. ഈ സാഹചര്യത്തില്‍ കനത്ത പൊലീസ് കാവലാണ് സ്ഥലത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ രാത്രി ഉണ്ടായ അക്രമങ്ങളില്‍ തകര്‍ന്ന വീടുകളും വ്യാപാരസ്ഥാപനങ്ങളും സി.പി.എം നേതാക്കള്‍ സന്ദര്‍ശിക്കും. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുക.