തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റും ചോദ്യം ചെയ്തതില്‍ യാതൊരു രാഷ്ട്രീയ ധാര്‍മ്മികതയുടേയും പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീലിന് ഒന്നും ഒളിക്കാനില്ലാത്തതുകൊണ്ടാണ് അദ്ദേഹം നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരായത്. ജലീല്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിട്ടില്ല. കോണ്‍സുലേറ്റ് അദ്ദേഹവുമായി ബന്ധപ്പെടുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഖുര്‍ആന്‍ കൊണ്ടുവന്നതിന് ലീഗും കോണ്‍ഗ്രസും എന്തിനാണ് അസ്വസ്ഥപ്പെടുന്നതെന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനത്ത് സര്‍ക്കാറിനെതിരെ കോ-ലീ-ബി സഖ്യം പ്രവര്‍ത്തിക്കുന്നുണ്ട്. ജലീല്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ് നിര്‍വഹിച്ചത്. ജലീലിന്റെ ജീവന്‍ വരെ അപകടത്തിലാക്കാന്‍ ശ്രമം നടക്കുന്നതുകൊണ്ടാണ് അദ്ദേഹം അന്വേഷണത്തിന് രഹസ്യമായി പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയോടെയാണ് മന്ത്രി കെ.ടി ജലീല്‍ സ്വകാര്യ വാഹനത്തില്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്തെത്തിയത്. ആറ് മണിക്കൂറോളമാണ് എന്‍ഐഎ അദ്ദേഹത്തെ ചോദ്യം ചെയ്തത്. കേസില്‍ സാക്ഷിയായാണ് തന്നെ വിളിപ്പച്ചതെന്ന് ജലീല്‍ പിന്നീട് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.