തിരുവനന്തപുരം: മന്ത്രിമാരും പാര്‍ട്ടി സെക്രട്ടറിയുടെ മകനും സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയരായതോടെ നിയന്ത്രണം വിട്ട് മുഖ്യമന്ത്രി. കോന്നി മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ക്ഷുഭിതനായി പൊട്ടിത്തെറിച്ചത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് മുഖ്യമന്ത്രി മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

‘സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുമെന്ന ഒരു പ്രതീക്ഷയുമില്ലാതിരുന്നവര്‍ സ്വന്തം വീട്ടില്‍ ഇന്ന് കിടന്നുറങ്ങുകയാണ്. 2,26,000ത്തില്‍ പരം വീടുകള്‍ പൂര്‍ത്തിയാക്കി. ഇന്ന് ഇവരെല്ലാം സ്വന്തം വീട്ടില്‍ കഴിയുന്നു. ഇത് അഴിമതിയുടെ ഭാഗമാണോ. എന്തെങ്കിലും അഴിമതി അതില്‍ നടന്നോ. ഓരോ പ്രദേശത്തും പൂര്‍ത്തിയാക്കിയ വീട് എങ്ങനെയെന്ന് നിങ്ങള്‍ക്കറിയില്ലേ. ഇതെല്ലാം സ്വാഭാവികമായും നാടിന്റെ നേട്ടമായി വരുന്നു. ബാക്കി വീടുകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു. ആ നേട്ടം കരിവാരി തേക്കണം. അതിന് നെറികേടിന്റെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ്. ഏതെങ്കിലും കോണ്‍ട്രാക്ടുമായി ബന്ധപ്പെട്ട് വൃത്തികേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് ആ ഭാഗത്ത് നില്‍ക്കേണ്ട കാര്യമാണ്’.

ലൈഫ് മിഷന് ഒരു ബന്ധവുമില്ലാത്ത പ്രശ്നത്തെ കുറിച്ച് ലൈഫ് മിഷനെയും അതിന്റെ ഭാഗമായി വീട് നിര്‍മ്മിച്ച പ്രക്രിയയെും കരിവാരിത്തേക്കുകയാണ്. നാട്ടിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അവര്‍ ഒരു ദിവസത്തെ വാര്‍ത്ത കണ്ട് വിധി കല്‍പിക്കുന്നവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.