കോഴിക്കോട്: സ്വര്‍ണ്ണക്കടത്തു കേസില്‍ എന്‍ഐഎ ചോദ്യം ചെയ്ത മന്ത്രി കെടി ജലീലിനെതിരെ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടാകാമെന്ന് കെ.ടി. ജലീല്‍ സമ്മതിച്ച സ്ഥിതിക്ക് പിണറായി വിജയന്‍ മാപ്പു പറയുമോയെന്ന് പികെ ഫിറോസ് ചോദിച്ചു.

നയതന്ത്ര കാര്‍ഗോയില്‍ ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തുന്നു എന്ന് സംശയിക്കുന്നില്ലേയെന്ന ചോദ്യത്തിന് മറുപടിയായി ‘ഉണ്ടായിരിക്കാം, ഞാനത് തള്ളിക്കളയുന്നില്ല’ എന്ന് ജലീല്‍ മറുപടി പറഞ്ഞിരുന്നു.

ഇത് തന്നെയല്ലേ യു.ഡി.എഫും പറഞ്ഞത്. അതിന്റെ പേരിലല്ലേ വിശുദ്ധ ഖുര്‍ആനെ സി.പി.എം വിവാദത്തിലേക്ക് വലിച്ചിഴച്ചത്. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടാകാമെന്ന് ജലീല്‍ സമ്മതിച്ച സ്ഥിതിക്ക് പിണറായി വിജയന്‍ മാപ്പു പറയുമോ? സ്വര്‍ണ്ണക്കടത്ത് സംഘത്തിനെതിരെയുള്ള സമരത്തെ ഖുര്‍ആന്‍ വിരുദ്ധ സമരമായി ചിത്രീകരിച്ച് വിശ്വാസികളെ വേദനിപ്പിച്ചതിന് കോടിയേരി ബാലകൃഷ്ണന്‍ മാപ്പു പറയുമോ’ എന്നും പി.കെ. ഫിറോസ് ചോദിച്ചു.