ബംഗളൂരു: പുതിയൊരു താരോദയത്തെ രാഷ്ട്രീയ നേതാക്കള്‍ ഭയക്കുന്നതായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍. ഏതു പാര്‍ട്ടിയാണെങ്കിലും നേതാക്കളുടെ അവസ്ഥ വ്യത്യസ്തമല്ലെന്നും കനയ്യ ബംഗളൂരുവില്‍ പറഞ്ഞു. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ നേതാക്കളുടെ ഈ ഭയം പ്രകടമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ മിക്കവയും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് നടക്കുന്നത്. അതു കൊണ്ട് തന്നെ ഏതെങ്കിലുമൊരു രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരാനോ പുതിയ പാര്‍ട്ടി രൂപീകരിക്കാനോ താനില്ല. താന്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്. പഠനത്തിനു ശേഷം അധ്യാപനം തൊഴിലായി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്, കനയ്യ പറഞ്ഞു. കര്‍ണാടക ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നിരോധിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് ഉയര്‍ന്ന് മുഖ്യമന്ത്രിപദത്തിലെത്തിയ ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പോലും വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് അനുവദിക്കുന്നില്ല. മറ്റൊരു നേതാവിന്റെ ഉദയം രാഷ്ട്രീയ നേതാക്കള്‍ ഭയക്കുന്നതിനാലാണ് ഇതെന്നും കനയ്യ പറഞ്ഞു. അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥ രാജ്യത്തുണ്ട്. ആശയങ്ങളും അഭിപ്രായങ്ങളും തുറന്നടിക്കുന്ന വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താനാണ് നേതൃനിര ശ്രമിക്കുന്നതെന്നും കനയ്യ കുമാര്‍ കുറ്റപ്പെടുത്തി.