ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്‌റു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡണ്ട് കനയ്യ കുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് പാട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കനയ്യ കുമാറിന് പുറമെ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, അഖ്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീസ് റസൂല്‍, ബഷറത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

രാജ്യദ്രോഹം, കലാപമുണ്ടാക്കല്‍, നിയമാനുസൃതമല്ലാതെ യോഗം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ ജെ.എന്‍.യുവില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും തടയാനെത്തിയ പൊലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.