Connect with us

Article

വിവാഹപൂര്‍വ്വ ബോധവല്‍ക്കരണം

സമൂഹത്തിന് ആത്യന്തികമായി നന്മ കൈവരുത്തുന്ന എല്ലാറ്റിനെയും ആധുനിക പരിഷ്‌ക്കാരത്തിന്റെ പേരില്‍ പുച്ഛിച്ചു തള്ളുന്ന രീതി ആപല്‍ക്കരമാണ്.

Published

on

പ്രൊഫ. പി.കെ.കെ. തങ്ങള്‍

പരമാര്‍ത്ഥവും പരിഹാസവും ഒപ്പത്തിനൊപ്പം ചേര്‍ത്തി പരിണത പ്രജ്ഞനായ കവി കുഞ്ഞുണ്ണി മാഷ് പാടിപ്പറഞ്ഞതിങ്ങനെ:’ ജനിക്കും നേരം തൊട്ടെന്‍ മകനിംഗ്ലീഷ് പഠിക്കണം; അതിനാല്‍ ഭാര്യതന്‍പേറങ്ങിഗ്ലണ്ടില്‍ തന്നെയാക്കി.’ ഇംഗ്ലീഷ് ഭ്രമത്തിന്റെ മത്തും മുന്നൊരുക്കത്തിലെ യാഥാര്‍ത്ഥ്യവും ഇതില്‍ കാണാനാവും. ‘കോടതി പിരിഞ്ഞു കാര്യം തോന്നിയിട്ടു ഫലമില്ല’ എന്ന പ്രയോഗത്തിന്റെ വ്യംഗ്യാര്‍ത്ഥം ഉള്‍ക്കൊള്ളുന്ന കരുതലും ഇതില്‍ കാണാവുന്നതാണ്. ‘മുളയിലറിയാം വിള’ എന്ന മൊഴി യാഥാര്‍ത്ഥ്യമാവണമെങ്കില്‍ ‘മുള’ എന്ന പ്രക്രിയ നടക്കുന്ന അടിമണ്ണ് എങ്ങിനെയുള്ളതായിരിക്കണമെന്നുള്ളതും ചിന്തനീയമാണ്. എല്ലാം കൂടി സംക്ഷിപ്തമായിപ്പറഞ്ഞാല്‍ നിര്‍മ്മാണ പ്രക്രിയയുടെ അടിത്തറ എപ്രകാരമായിരിക്കണമെന്നതിന്റെ വ്യക്തമായ സൂചന.

ആദ്യ പാഠശാല മാതാവിന്റെ മടിത്തട്ടാണെന്നുള്ളതും, അനുബന്ധമായതും അര്‍ത്ഥവത്തായതുമായ കണ്ടെത്തലാണ്. ‘കൂമ്പില്‍ വളം വെച്ചിട്ടു കാര്യമില്ല’ എന്ന പൊതുശീലും പ്രചാരത്തിലുണ്ട്. എല്ലാം കൂട്ടിച്ചേര്‍ത്തു പറഞ്ഞാല്‍ ചെന്നെത്താനാവുക സമൂഹ നിര്‍മ്മാണത്തിന്റെ അടിത്തറഭദ്രമായിരിക്കണമെന്ന സുവ്യക്തമായ ആശയത്തിലാണ്. അനഭിലഷണീയമായ കാഴ്ചപ്പാടുകള്‍ക്കും, ആശയാദര്‍ശങ്ങള്‍ക്കും, പ്രവര്‍ത്തനജീവിത ശൈലികള്‍ക്കും അടിമപ്പെടുന്നതിന് മുമ്പായി ഇളം തലമുറക്ക് നല്ല വഴിയും വെളിച്ചവും ഊര്‍ജ്ജവും നല്‍കി സുരക്ഷിതമാക്കുകയെന്നതാണ് മുതിര്‍ന്ന തലമുറയുടെ കര്‍ത്തവ്യം.

മതില്‍കെട്ടിത്തിരിച്ചുള്ള വളപ്പുകളില്‍ നിലകൊള്ളുന്ന കൂറ്റന്‍ കെട്ടിടങ്ങളിലെ മുറികള്‍ മാത്രമല്ല പാഠശാല. ശൈശവം തൊട്ട് ജീവിക്കാനിടവരുന്ന ഇടങ്ങളുടെ പരിസരം മുഴുവന്‍ പാഠശാലയായിക്കാണണം. മുതിര്‍ന്നവരെക്കാള്‍ കൂടുതല്‍ കാഴ്ചകളില്‍ ആകൃഷ്ടരാവുക കുട്ടികളാണ്. വര്‍ണ്ണാഭമായ കാഴ്ചകളും മധുരമായ സ്വരങ്ങളും അവരെ ഹഠാതാകര്‍ഷിക്കും. എന്നാല്‍ ആ ദൃശ്യങ്ങളിലെയും സ്വരങ്ങളിലെയും ശരിയായ അര്‍ത്ഥവും പൊരുളും മനസ്സിലാക്കാന്‍ പ്രാപ്തരായിരിക്കില്ലല്ലോ കൊച്ചുകുട്ടികള്‍. അവിടെയാണ് മുതിര്‍ന്നവരുടെ അഥവാ രക്ഷിതാക്കളുടെ പ്രസക്തി.

കുഞ്ഞുങ്ങള്‍ അനഭിലണീയമായവ കാണാനും കേള്‍ക്കാനുമുള്ള അവസരം ഒഴിവാക്കുക. ബഹുസ്വരസമൂഹത്തില്‍ അതിന് ഉദ്ദേശിക്കുന്ന വിധം സാധിക്കാതെ വരുമ്പോള്‍ വകതിരിവ് നല്‍കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. ആ കടമ നിര്‍വ്വഹിക്കാന്‍ അവര്‍ക്ക് കഴിയണമെങ്കില്‍ അതിനുള്ള അറിവും കഴിവും അപ്പോള്‍ വില കൊടുത്ത് വാങ്ങാന്‍ കിട്ടുന്നതല്ല, മറിച്ച് അവയെല്ലാം നേരത്തേ ആര്‍ജ്ജിച്ചുവെച്ചിട്ടുള്ളതാവണം. അതായത് മാതാപിതാക്കള്‍ ഉല്‍ബുദ്ധരായിരിക്കണം എന്നു സാരം. മറ്റാര്‍ക്കാണ് കുഞ്ഞുങ്ങളുടെ മേല്‍ രക്ഷിതാക്കളേക്കാള്‍ കൂടുതല്‍ സ്വാധീനമുണ്ടാവുക.

ജനിക്കും നേരം തൊട്ട് ഏല്‍ക്കുന്ന ചൂടും ചൂരും, കാഴ്ചയും കേള്‍വിയുമെല്ലാം മാതാവിന്റെയും പിതാവിന്റെയുമല്ലേ. അതിനെല്ലാം ശേഷം എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞല്ലേ കുഞ്ഞുങ്ങള്‍ ഗുരുസന്നിധിയിലേക്ക് എത്തിപ്പെടുന്നുള്ളൂ. എന്നാല്‍ തന്നെയും മാതാവിനും പിതാവിനും പകരക്കാരനാവാന്‍ അവര്‍ക്ക് കഴിയുന്നതുമല്ലല്ലോ. മാതാവിന്റെ മടിത്തട്ടാണ് ആദ്യ പാഠശാല എന്ന അദ്ധ്യാപനം വളരെ അര്‍ത്ഥപൂര്‍ണ്ണമാണ്. വെറും ശാരീരിക വളര്‍ച്ചയുടെ ഉത്തരവാദിത്തം മാത്രമല്ല മാതാപിതാക്കള്‍ക്കുള്ളത്. പ്രവാചകന്‍ പഠിപ്പിച്ചതനുസരിച്ച് മാനസികവും ധിഷണാപരവുമായിട്ടുള്ള എല്ലാവിധ മാര്‍ഗദര്‍ശനങ്ങളുടെയും അടിത്തറ മാതാവും പിതാവുമാണ്. തലമുറകള്‍ നന്നാവുന്നതിന്റെയും ചീത്തയാവുന്നതിന്റെയും പൂര്‍ണ്ണ ഉത്തരവാദികള്‍ രക്ഷിതാക്കളാണ്. അക്കാരണത്താലാണല്ലോ, അന്ത്യനാളില്‍ നരകത്തിലേക്ക് എറിയപ്പെടാന്‍ പോകുന്ന ചെറുപ്പക്കാരന്‍, ‘ഞാന്‍ വഴി പിഴച്ചുപോയതിന് കാരണം ഞാനല്ല, അതാ നില്‍ക്കുന്നു എന്റെ മാതാപിതാക്കള്‍, അവരെ പിടിച്ചോളൂ; ശരിതെറ്റുകളോ സന്മാര്‍ഗമോ ഒന്നും എനിക്ക് പഠിപ്പിച്ചു തരാത്തവരാണവര്’ എന്ന് ആക്രോശിക്കുമെന്നാണ് പ്രാവാചകന്‍ മനസ്സിലാക്കിത്തന്നിട്ടുള്ളത്.

ആധുനിക കാലഘട്ടത്തില്‍, നവീന ജീവിതക്രമത്തില്‍ രക്ഷിതാക്കള്‍ പഠനത്തിന്റെയും പരിശീലനത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും മാതൃകയായി ഔദ്യോഗിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരെ ചൂണ്ടിക്കാണിക്കുമ്പോഴും രക്ഷിതാക്കള്‍ സുരക്ഷിതരല്ല. കാരണം മാതാപിതാക്കള്‍ പാകിയ അടിത്തറ മേല്‍ മാത്രമാണ് ഗുരുനാഥന്‍ ‘നിര്‍മ്മാണം’ നിര്‍വ്വഹിക്കുന്നത്. ‘അവന്‍ ചെറിയ കുട്ടിയല്ലെ, കളിച്ചുവളരട്ടെ’യെന്ന സ്‌നേഹമസൃണമായ സമീപനം തെറ്റെന്ന് പറയുന്നില്ല. പക്ഷെ കുഞ്ഞുപ്രായത്തില്‍ കിട്ടേണ്ടുന്ന യഥാര്‍ത്ഥമായ വളര്‍ച്ചക്കുള്ള വെള്ളവും വളവും രക്ഷിതാവായ താന്‍ യഥാവിധി നല്‍കുന്നുണ്ടോ, തദടിസ്ഥാനത്തില്‍ തന്നെയാണോ കുഞ്ഞിന്റെ വളര്‍ച്ചയും രീതികളുമെന്ന നിരന്തര അവലോകനവും വിലയിരുത്തലും മാതാപിതാക്കള്‍ നടത്തിയേ പറ്റൂ.

തലമുറകളിലേക്ക് പകര്‍ന്നുകിട്ടേണ്ടുന്ന ബുദ്ധിക്ഷമതയും കര്‍മ്മകുശലതയും നവജാതശിശുക്കളില്‍ നാമ്പിടണമെങ്കില്‍, ആധുനിക കാലഘട്ടത്തില്‍ ‘മടിത്തട്ടില്’ നിന്നെന്ന ആശയത്തില്‍ നിന്നും വ്യത്യസ്തമായി ‘ഗര്‍ഭപാത്ര’ത്തില്‍ നിന്നുതന്നെ അതിനു തുടക്കം കുറിക്കേണ്ടതുണ്ട്. അങ്ങിനെ വരുമ്പോള്‍ നമ്മുടെ ചിന്ത ചെന്നെത്തുന്നത് മാതാവിന്റെ തദ്വിഷയകമായ പ്രഥമ സ്ഥാനത്തിലേക്കാണ് ഗര്‍ഭാവസ്ഥയില്‍ മാതാവിന്റെ മാനസികാവസ്ഥ, ജീവിത ഭക്ഷണശൈലികള്‍, വികാര വിചാരങ്ങള്‍, സ്വപ്‌നങ്ങള്‍, ആകുലതകള്‍, പ്രയാസങ്ങള്‍ എന്നിവയില്‍ നിന്നെല്ലാമുണ്ടാകുന്ന അനുരണനങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിനെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയിരിക്കും. ഇവിടെ നാം കാണുന്നത് ഗര്‍ഭാശയത്തെ പുതുതലമുറയുടെ ആദ്യപാഠശാലയായിട്ടാണ്. ഈ ശരിയായ ബോധം ഗര്‍ഭിണിയായ സ്ത്രീക്ക് ഉണ്ടെങ്കില്‍ തുടര്‍ന്നും ശിശു പിറവിയെടുക്കുന്ന നേരംതൊട്ട് ഓരോ നിമിഷവും മാതാവെന്ന ആദ്യ പാഠശാലയില്‍ നിന്നും സ്പര്‍ശനത്തിലൂടെയും, സ്വരത്തിലൂടെയും, മുലപ്പാല്‍ മാധുര്യത്തിലൂടെയും നിറങ്ങളിലൂടെയും, താരാട്ടിന്റെ മാധുര്യത്തിലൂടെയും മാതാവ് കുഞ്ഞിന് മുന്നേറ്റ പാത കാണിച്ചുകൊടുക്കുകയാണ്. തുടര്‍ന്ന് ശിശുവിന്റെ വളര്‍ച്ചക്കും പ്രായത്തിനും അനുസരിച്ചുള്ള ക്രമാനുക്രമമായ വികാസത്തിന് കുഞ്ഞ് സജ്ജമായിക്കൊണ്ടിരിക്കും.

ഓടിച്ചാടി നടക്കാനുള്ള ഘട്ടമെത്തുമ്പോള്‍ തദനുസൃതമായി വഴികാണിക്കലും മാതാവിന്റെ ചുമതലയില്‍പെട്ടതുതന്നെ; കൂടെ പിതാവിന്റെയും. ഇതെല്ലാം നേരാം വണ്ണം സാധിതമാവണമെങ്കില്‍ ഈയൊരവസ്ഥയില്‍ എത്തിച്ചേരുന്നതിനു മുമ്പുതന്നെ മാതാവ് പൂര്‍ണ്ണമായും ഉല്‍ബുദ്ധയായിരിക്കണം. എങ്കില്‍ മാത്രമേ ബോധപൂര്‍വ്വം ആവശ്യവും അനാവശ്യവും, ശരിയും തെറ്റും തിരിച്ചറിഞ്ഞ് കുഞ്ഞിന് ശരിയായ വളര്‍ച്ചാവഴി കാണിച്ചു കൊടുക്കാന്‍ മാതാവിന് കഴിയുകയുള്ളൂ. ഇവിടെയാണ് യുവതീയുവാക്കള്‍ക്ക് വിവാഹത്തിന് മുമ്പ് ശരിയായ രീതിയിലുള്ള ബോധവല്‍ക്കരണത്തിന്റെ പ്രസക്തി. ഈദൃശമായി മുന്‍കാലങ്ങളില്‍ ജാതിമതഭേദമന്യേ എല്ലാ വിഭാഗങ്ങളിലും വേദപഠനത്തിലൂടെയും പ്രവാചക അദ്ധ്യാപനങ്ങളിലൂടെയും തലമുറകള്‍ക്ക് ബോധവല്‍ക്കരണം, പരിഷ്‌കൃതരീതിയിലല്ലെങ്കിലും നടത്തിപ്പോന്നിരുന്നു. എന്നാല്‍ കാലം പിന്നിടുന്നതിനനുസരിച്ച് ഇത്തരം രീതികള്‍ അവജ്ഞയോടെ തള്ളപ്പെടുകയാണ്.

യുവതീയുവാക്കള്‍ക്ക് വിവാഹകുടുംബജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ചുള്ള കണിശമായ ബോധവല്‍ക്കരണം ഔദ്യോഗികമായിത്തന്നെ കോളജ് യൂണിവേഴ്‌സിറ്റി തലങ്ങളില്‍ നടപ്പില്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. പാശ്ചാത്യനാടുകളിലെ ശൈലികളും ജീവിതരീതിയും വിഭിന്നമാണെങ്കിലും അവരുടെ വിദ്യാഭ്യാസക്രമത്തിന്റെ ഭാഗമായി ഇത്തരം ബോധവല്‍ക്കരണരീതികള്‍ പാഠ്യപദ്ധതിയില്‍ തന്നെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സമൂഹത്തിന് ആത്യന്തികമായി നന്മ കൈവരുത്തുന്ന എല്ലാറ്റിനെയും ആധുനിക പരിഷ്‌ക്കാരത്തിന്റെ പേരില്‍ പുച്ഛിച്ചു തള്ളുന്ന രീതി ആപല്‍ക്കരമാണ്.

സ്‌കൂള്‍ തലം തൊട്ടുതന്നെ കുടുംബജീവിതം, കുടുംബ ഭദ്രത, സമൂഹ നന്മ, മാനവികത മുതല്‍ മനുഷ്യനന്മ ഉറപ്പു നല്‍കുന്ന മൂല്യബോധന ക്ലാസുകള്‍ നടപ്പില്‍ വരുത്തേണ്ടതാണ്. മേല്‍ത്തട്ടില്‍ മാത്രം പണിയെടുത്തേണ്ടതുകൊണ്ടായില്ല, പരിവര്‍ത്തനപ്രവര്‍ത്തനങ്ങള്‍ അടിത്തട്ടുമുതല്‍ പ്രാവര്‍ത്തികമാക്കിയാലേ ഫലപ്രദമാവുകയുള്ളൂ. ലോകത്തെവിടെയും പുതുതലമുറയെ ഉള്‍ക്കൊള്ളുന്ന വേദി വിദ്യാഭ്യാസമേഖലയാണ്. അതിനാല്‍ സമൂഹത്തിന് ഗുണകരമായിട്ടുള്ള ഏത് മുന്നേറ്റത്തിനും നിലവിലുള്ളതില്‍ ഏറ്റവും പ്രായോഗികമായ ബോധവല്‍ക്കരണ യത്‌നത്തിനും നാം ഉപയോഗപ്പെടുത്തേണ്ടത് ആ വേദിയാണ്. അടുത്ത തലമുറക്ക് പ്രയോജനപ്രദമാവേണ്ടുന്ന കാര്യങ്ങള്‍ക്ക് പ്രാരംഭം കുറിക്കേണ്ടത് ഈ തലമുറയുടെ ചുമതലയാണ്. കൈയിലല്ല, തലയില്‍ കാര്യമായൊന്നുമില്ലാതെ കുടുംബജീവിതത്തിലേക്കെടുത്ത് ചാടുന്നേടത്താണ് താളപ്പിഴകളും തകര്‍ച്ചയും പാഞ്ഞെത്തുക.

Article

വികസന വഴിയിലെ വനിതാ സാന്നിധ്യം

Published

on

രാജീവ് ചൗധരി

1960-ൽ സ്ഥാപിതമായ ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ (BRO) ജോലിയുടെ സ്വഭാവവും ഒറ്റപ്പെട്ട വിന്യാസവും കാരണം പുരുഷ ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് പതിറ്റാണ്ട് മുമ്പ്, വിരലിലെണ്ണാവുന്ന വനിതാ ഓഫീസർമാർ ചേരാൻ തുടങ്ങിയെങ്കിലും ഗ്രൗണ്ട് ടാസ്‌ക്കുകളുടെ അപകടസാധ്യത കണക്കിലെടുത്ത് അവരെ സ്റ്റാഫ് നിയമനങ്ങളിൽ മാത്രമാണ് നിയമിച്ചത്.

‘നാരി സശക്തികരൻ’ എന്ന നിലവിലെ സർക്കാരിൻ്റെ പ്രമേയത്തിന് അനുസൃതമായി വനിതാ ഉദ്യോഗസ്ഥർക്ക് ലിംഗഭേദമില്ലാത്ത അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി 2021 മാർച്ച് 8-ന് DGBR ഒരു ചരിത്രപരമായ തീരുമാനമെടുത്തു, ആദ്യത്തെ വനിതാ ഓഫീസർ EE (Civ) ശ്രീമതി വൈശാലി എസ് ഹിവാസെ, റോഡ് കൺസ്ട്രക്ഷൻ കമ്പനിയുടെ (RCC) ഓഫീസർ കമാൻഡിംഗ് ആയി നിയമിച്ചു.

2021 ഏപ്രിൽ 28-ന് അവർ തൻ്റെ അസൈൻമെൻ്റ് ഏറ്റെടുത്തു. മുൻഷിയാരിയെ ഉത്തരാഖണ്ഡിലെ കുമയോൺ മേഖലയിലെ മിലാം ഹിമാനിയുമായി ബന്ധിപ്പിക്കുന്ന BRO യുടെ ഏറ്റവും ദുഷ്‌കരമായ റോഡുകളിലൊന്നിൻ്റെ ഉത്തരവാദിത്തം അവർ ഏറ്റെടുത്തു. താമസിയാതെ, അരുണാചൽ പ്രദേശിലെ ജനവാസയോഗ്യമല്ലാത്ത സിയാങ് താഴ്‌വരയിൽ റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിനായി ഒരു RCC യുടെ OC ആയി EE (Civ) ശ്രീമതി. ഒബിൻ ടാകി നിയമിതയായി.

ഈ സംരംഭത്തിൻ്റെ വിജയത്തെത്തുടർന്ന്, ചമോലി ജില്ലയിലെ പിപാൽകോട്ടിയിൽ ഒരു ഓൾ വിമൻ ആർസിസി സ്ഥാപിക്കുകയും 2021 ഓഗസ്റ്റ് 30-ന് മേജർ ഐന റാണയ്ക്ക് ഈ ആർസിസിയുടെ ചുമതല നൽകുകയും ചെയ്തു. അവരുടെ കീഴിലുള്ള മൂന്ന് പ്ലാറ്റൂൺ കമാൻഡർമാരും വനിതാ ഓഫീസർമാരായിരുന്നു. 18,478 അടി ഉയരമുള്ള ഉംലിംഗ്‌ല കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ചുരമായ മന ചുരം വരെയുള്ള റോഡുകളുടെ വികസനത്തിന് അവർ ഉത്തരവാദിയായിരുന്നു. ആ ഉദ്യോഗസ്ഥയുടെ ചടുലമായ നേതൃത്വത്തിൽ ആർസിസി മികച്ച പ്രകടനം കാഴ്ചവച്ചു. 2022 ഒക്ടോബർ 22-ന് പ്രധാനമന്ത്രി മന ഗ്രാമത്തിൽ വന്ന്, മന ചുരം വരെയുള്ള തന്ത്രപ്രധാനമായ റോഡിൻ്റെ വീതി കൂട്ടുന്നതിന് തറക്കല്ലിട്ടു.

കാശ്മീർ താഴ്‌വരയിൽ വിന്യസിച്ചിരിക്കുന്ന ഒരു ഫീൽഡ് വർക്ക്‌ഷോപ്പിലെ ഓഫീസർ കമാൻ്റിംഗ് ആയ കേണൽ നവനീത് ദുഗ്ഗൽ ഏറ്റവും പ്രയാസമേറിയതും വെല്ലുവിളി നിറഞ്ഞതുമായ സ്ഥലത്ത് ഒരു വർക്ക്‌ഷോപ്പ് മേധാവിത്വം വഹിക്കുന്ന ആദ്യത്തെ ഇ.എം.ഇ ഓഫീസർ കൂടിയാണ്. അവരുടെ നേതൃത്വത്തിൽ ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നു. ലെഫ്റ്റനൻ്റ് കേണൽ (ഇപ്പോൾ കേണൽ) സ്നിഗ്ധ ശർമ്മ BRO യുടെ ആസ്ഥാനത്തെ ലീഗൽ സെല്ലിൻ്റെ മേധാവിയായ ആദ്യത്തെ വനിതാ ഓഫീസറാണ്. ഓർഗനൈസേഷൻ്റെ നിയമപരമായ സമഗ്രത ഉയർത്തിപ്പിടിച്ചുകൊണ്ട് 700-ലധികം കോടതി കേസുകൾ അവർ കാര്യക്ഷമമായി കൈകാര്യം ചെയ്തു. ഈ വനിതാ ഓഫീസർമാരുടെ എല്ലാ വിജയങ്ങളും അവരുടെ ഉപ യൂണിറ്റുകൾക്ക് നേതൃത്വം നൽകുമ്പോൾ നേടിയ നേട്ടങ്ങളും ലിംഗപരമായ തടസ്സങ്ങൾ തകർക്കുക മാത്രമല്ല, BRO ക്കുള്ളിൽ മികവിൻ്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഈ മികവുകൾ പരിഗണിച്ച് 2023 ഫെബ്രുവരിയിൽ അരുണാചൽ പ്രദേശിലെ സീറോയിൽ ഒരു ടാസ്‌ക് ഫോഴ്‌സിൻ്റെ കമാൻഡറായി കേണൽ അർച്ചന സൂദിനെ നിയമിച്ചു. അരുണാചൽ പ്രദേശിലെ ദിബാംഗ് താഴ്‌വരയിലെ റോഡുകളുടെ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അവർ മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്നു. 2023 ജൂണിൽ, ലഡാക്കിലെ ഹാൻലെയിൽ തന്ത്രപരമായ വളരെ പ്രധാനപ്പെട്ട ചില BRO പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള ഒരു ടാസ്‌ക് ഫോഴ്‌സിൻ്റെ മേധാവിയായി കേണൽ പോനുങ് ഡോമിങ്ങ് തിരഞ്ഞെടുക്കപ്പെട്ടു. നിയോമയിലെയും ചുഷുൽ – ദുംഗ്‌തി – ഫുക്‌ചെ – ഡെംചോക്കിലെയും ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധവിമാനത്താവളങ്ങളിലൊന്നായ ലികാരു – മിഗ്‌ല – ഫുക്‌ചെ എന്നിവയെയും ബന്ധിപ്പിക്കുന്ന ചുമാർ സെക്ടറിൽ 19400 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും ഏറ്റവും ശ്രമകരവുമായ സാഹചര്യങ്ങളിൽ LAC വഴിയുള്ള റോഡിൻ്റെ നിർമ്മാണം ഏറ്റെടുക്കാൻ അവരുടെ കീഴിൽ രണ്ട് വനിതാ ഓഫീസർമാരെ കൂടി നൽകി. 15000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന നിർമ്മാണ വിഭാഗമാണ് ഹാൻലെ ടാസ്ക് ഫോഴ്സ്. ഡെംചോക്കിനെ ചിസുംലെയുമായി ബന്ധിപ്പിക്കുന്ന ഉംമിംഗ്‌ലയിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് പരിപാലിക്കാനുള്ള ഉത്തരവാദിത്തവും അവർക്കാണ്.

രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ സ്ത്രീകൾ എപ്പോഴും സജീവ പങ്കാളികളായിരിക്കുമെന്ന് ബി. ആർ. ഒ. ഇന്ന് ഉറച്ചു വിശ്വസിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനായുള്ള ബി. ആർ. ഒ യുടെ ബഹുമുഖ സമീപനത്തിൽ തൊഴിലവസരങ്ങളിലെ വൈവിധ്യങ്ങൾ, ലിംഗഭേദമില്ലാത്ത അന്തരീക്ഷത്തിൽ വളരാനുള്ള അവസരങ്ങൾ , ശരിയായ ആരോഗ്യപരിരക്ഷയുടെ ലഭ്യത , സാഹസിക/കായിക മേഖലകളിലുള്ള അവസരങ്ങൾ, അതുപോലെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും അവർ പ്രധാന പങ്ക് വഹിക്കുന്നതിനാൽ സമഗ്രമായി വികസിക്കാനുള്ള പ്രോത്സാഹനം എന്നിവ ഉൾപ്പെടുന്നു. “ആസാദി കാ അമൃത് മഹോത്സവ്” ആഘോഷിക്കുന്ന ബി. ആർ. ഒ, വിവിധ പര്യവേഷണങ്ങളിൽ, സ്ത്രീകൾ, അവരുടെ ശക്തിയും ചൈതന്യവും പ്രകടമാക്കി നയിക്കുന്ന സാഹസിക പ്രവർത്തനങ്ങളെ പിന്തുണച്ചു. ഇതിൽ പ്രധാനമായും പർവത ട്രെക്കിംഗ്, വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, സൈക്ലിംഗ് എന്നിവ ഉൾപ്പെടുന്ന ഒരു മൾട്ടി ഡിസിപ്ലിനറി പര്യവേഷണം, പരിസ്ഥിതി അവബോധം പ്രോത്സാഹിപ്പിക്കുന്ന സ്ത്രീകൾ മാത്രം പങ്കെടുത്ത ഒരു ഇലക്ട്രിക് വാഹന റാലി എന്നിവ ഉൾപ്പെടുന്നു.

ബി. ആർ. ഒയുടെ ചരിത്രത്തിലാദ്യമായി സ്ത്രീകൾക്ക് കമാൻഡ് പദവികൾ നൽകി. വനിതാ ഉദ്യോഗസ്ഥർ തങ്ങളുടെ കഴിവ് തെളിയിക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്‌തതിനാൽ ഇതൊരു വലിയ മാറ്റമായിരുന്നു. ഈ വനിതാ ഉദ്യോഗസ്ഥർ ഒരുപാട് സ്ത്രീകൾക്ക് ബി. ആർ. ഒയിൽ ചേരുന്നതിനും അവരുടെ കഴിവിന്റെ ഉച്ചസ്ഥായിയിൽ പ്രവർത്തിക്കുന്നതിനും വഴികാട്ടികളായി പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ ആത്മാർത്ഥമായ പ്രയത്‌നങ്ങൾ വഴി പ്രോജക്റ്റ് സമയക്രമം ത്വരിതപ്പെടുത്തുക മാത്രമല്ല, മറ്റ് ഓർഗനൈസേഷനുകൾക്ക് അനുകരിക്കാൻ ഫലപ്രദവും പ്രചോദനാത്മകവുമായ മാതൃകയായി പ്രവർത്തിക്കുകയും ചെയ്തു. ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും സർക്കാർ സജീവമായി പ്രോത്സാഹിപ്പിക്കുന്നു. ബി. ആർ. ഒ നിർണായക പങ്ക് വഹിക്കുന്ന പ്രതിരോധ മേഖല , അടിസ്ഥാന സൗകര്യ വികസനമേഖല ഉൾപ്പെടെ വിവിധ മേഖലകളിൽ ഈ മുന്നേറ്റം പ്രകടമാണ്.

Continue Reading

Article

ഒരേയൊരു ഫാത്തിമ ബീവി

സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയാവുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ, ഹൈസ്‌കൂള്‍ പഠനകാലത്തേ എന്റെ റോള്‍മോഡലായി ഫാത്തിമാ ബീവി.

Published

on

അഡ്വ. പി കുല്‍സു

‘നീതിയുടെ ധീര സഞ്ചാരം’ എന്നത് ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ആത്മകഥയുടെ പേരാണ്. രാജ്യത്തെ ഒരു വനിതയും സഞ്ചരിക്കാന്‍ ധൈര്യപ്പെടാത്ത വഴികളിലൂടെ പ്രയാണം നടത്തിയ ശാന്തമായൊരു പുഴ കടലാഴങ്ങളില്‍ അലിഞ്ഞിരിക്കുന്നു. തികഞ്ഞ അച്ചടക്ക ജീവിതം, വിശ്വാസം മുറുകെപിടിച്ചുള്ള ചര്യകള്‍, മതാനുഷ്ഠാനങ്ങളില്‍ പോലും വിട്ടുവീഴ്ചയില്ലാത്ത കണിശത, കോടതിയിലെ വിധിന്യായത്തിലും ഗവര്‍ണറുള്‍പ്പെടെയുള്ള പദവി വഹിച്ചപ്പോഴും മനസാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്യില്ലെന്ന നിശ്ചയം, ഇതൊക്കെയാണ് ആ ജീവിതത്തെ സ്ഫുടം ചെയ്‌തെടുത്തതെന്നാണ് പലപ്പോഴും അവരുമായി നേരിട്ടും ഫോണിലൂടെയും കത്തിലൂടെയും സംവദിച്ചപ്പോഴും അനുഭവങ്ങള്‍ വായിച്ചപ്പോഴും ബോധ്യപ്പെട്ടത്. സ്ത്രീധന സമ്പ്രദായത്തോടുള്ള കനത്തൊരു സ്വവിധിക്കലായി, നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്ന് പറഞ്ഞ് ഒറ്റയാനായി ജീവിതം തുഴഞ്ഞതുപോലും അത്തരം ദുശ്പ്രവണതകള്‍ക്കെതിരെ രാജിയാവാനാവില്ലെന്ന നിലപാടിന്റെ ഭാഗമായിരുന്നു.
അധികം പ്രതികരിക്കാനോ തന്റെ വാദം സ്ഥാപിക്കാനോ പോവാതെ എല്ലാം കാലത്തിനു വിട്ടു. അതുകൊണ്ടു തന്നെ, വിനയം അലങ്കാരമായി കൊണ്ടുനടന്ന അവരെ ദൂരെ നിന്ന് നോക്കുന്ന പലരും അഹങ്കാരിയെന്ന് തെറ്റിദ്ധരിച്ചു. അതവര്‍ക്കും അറിയാമായിരുന്നു. എല്ലാവിഭാഗം ജനങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിതം സാധ്യമാകണമെന്നായിരുന്നു അവരുടെ സ്വപ്‌നം. പലര്‍ക്കും പലതിലും രഹസ്യമായി സഹായങ്ങള്‍ ചെയ്യുന്നതായിരുന്നു രീതി. കാരുണ്യമായിരുന്നു ഹൃദയം മുഴുവന്‍. കര്‍മത്തില്‍ വിശ്വസിച്ച അവരുടെ വാചാലമായ മൗനത്തിന് കൊടുങ്കാറ്റിനെക്കാള്‍ ശക്തിയുണ്ടായിരുന്നു; സഫലമായ ജീവിതം.

ദര്‍ശന പുണ്യം തേടി

എന്നെപ്പോലെ എത്രയോ പേരില്‍ ചെറുപ്രായത്തിലേ നിയമ പഠനം മോഹമാക്കിയതില്‍ പ്രചോദനമായത് ആ ഒരൊറ്റ വ്യക്തിയാണ്. സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയാവുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ, ഹൈസ്‌കൂള്‍ പഠനകാലത്തേ എന്റെ റോള്‍മോഡലായി ഫാത്തിമാ ബീവി. കോളജ് പഠനകാലത്ത് അവരെ പോയി കാണാന്‍ എത്രയോ തവണ ശ്രമിച്ചെങ്കിലും നടന്നില്ല. വൈകാതെ ഡിസ്ട്രിക്റ്റ് ബോര്‍ഡ് അംഗമായപ്പോള്‍ ഡല്‍ഹിയിലേക്കൊരു യാത്രപോയപ്പോഴാണ് സുപ്രീം കോടതി ജഡ്ജായിരുന്ന അവരെ കാണുന്നത്. വിരമിച്ച ശേഷം കത്തിടപാടുകളും ഫോണ്‍ വിളികളുമായി വല്ലാത്തൊരു അടുപ്പമായി. വിശ്രമ ജീവിതവുമായി പത്തനംതിട്ടയിലെ വീട്ടിലെത്തിയപ്പോള്‍ പലപ്പോഴും നേരിട്ട് കാണാനും സംസാരിക്കാനും അവസരമുണ്ടായി. കുല്‍സു എന്നതിന് പകരം കുല്‍സും ബീവി എന്നാണവര്‍ എന്നെ വിളിച്ചിരുന്നത്. അവരുടെ നേരെ താഴെയുള്ള അനിയത്തിയുടെ പേര് കുല്‍സും ബീവി എന്നായിരുന്നു. എന്നെ വനിതാ കമ്മീഷന്‍ അംഗമാക്കിയപ്പോള്‍ അനുഗ്രഹം തേടണമെന്ന്് ആദ്യം മനസ്സില്‍ വന്ന പേരായിരുന്നു ഫാത്തിമ ബീവി.
മുസ്ലിംലീഗിനെയും വനിതാ ലീഗിനെയും വലിയ ഇഷ്ടമായിരുന്നു അവര്‍ക്ക്. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ന്യൂനപക്ഷ ശാക്തീകരണ പദ്ധതികളെ കുറിച്ചുമെല്ലാം സംസാരത്തില്‍ ചോദിക്കും. വടകരയിലൊരു വനിതാലീഗ് പരിപാടിക്ക് വരാമെന്നേറ്റത് ആരോഗ്യകാരണങ്ങളാല്‍ നടക്കാതെപോയി. സീതിസാഹിബിനെയും ശിഹാബ് തങ്ങളെയും സി.എച്ചിനെയും കുറിച്ച് അവര്‍ക്ക് വലിയ മതിപ്പായിരുന്നു. ഇ. അഹമ്മദ് സാഹിബിനോട് ആത്മബന്ധമുണ്ടായിരുന്നു. ‘നീതിയുടെ ധീര സഞ്ചാരം’ എന്ന അവരുടെ ആത്മകഥയില്‍ ഇ. അഹമ്മദ് സാഹിബിനെ കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരണ സാഹചര്യം എന്ന അധ്യായം വായിക്കുമ്പോള്‍ അത് ബോധ്യപ്പെടും.
1989ലെ കേന്ദ്ര ആഭ്യന്തരമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മകളായ റൂബിയ സഈദിനെ ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് തട്ടിക്കൊണ്ടുപോയതിനെതുടര്‍ന്ന് കശ്മീരിലെ സ്ഥിതി കൂടുതല്‍ വഷളായി. പട്ടാള നടപടികള്‍ എല്ലാ സീമകളും ലംഘിക്കുന്നുവെന്ന് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാകിസ്താന്‍ എപ്പോഴും ശ്രമിച്ചിരുന്നു. അതിന്റെ ഫലമായി 1992ല്‍ കശ്മീരിലേക്ക് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനെ അയക്കാന്‍ തീരുമാനിക്കുകയും ഇന്ത്യ അനുമതി നിഷേധിക്കുകയും ചെയ്തു. ഇത് യൂറോപ്യന്‍ യൂണിയന്റെയും മറ്റു വിദേശ രാജ്യങ്ങളുടെയും വലിയ വിമര്‍ശനത്തിന് ഇടയാക്കി. ഈ സാഹചര്യത്തിലാണ് 1993ല്‍ ജനീവയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കണ്‍വെന്‍ഷനിലേക്ക് ഇന്ത്യന്‍ സംഘത്തെ അയക്കാന്‍ പ്രധാനമന്ത്രി നരസിംഹറാവു തീരുമാനിക്കുന്നത്. എ.ബി വാജ്‌പേയ്, ഇ അഹമ്മദ് എന്നിവരായിരുന്നു സംഘത്തെ നയിച്ചിരുന്നത്. ജനീവയിലെ മനുഷ്യാവകാശ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് തിരിച്ചുവന്നതോടുകൂടിയാണ് ഇന്ത്യയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവമായത്. അത്തരമൊരു നീക്കം അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യക്കെതിരെയുള്ള വിമര്‍ശനങ്ങളെ ഒരു പരിധിയോളം പ്രതിരോധിക്കാന്‍ സഹായിക്കും എന്ന് അംഗങ്ങള്‍ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. ഇന്ത്യയില്‍ ആദ്യമായി മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കാന്‍ കാരണമായത് അന്ന് എം.പി ആയിരുന്ന ഇ.അഹമ്മദ് സാഹിബ് ജനീവയിലെ ഹ്യൂമന്‍ റൈറ്റ്‌സ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് തിരിച്ചുവന്ന ശേഷം നല്‍കിയ റിപ്പോര്‍ട്ടും തുടര്‍ന്ന് നടത്തിയ ഇടപെടലുമാണ്. ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും നിയമമന്ത്രിയായ വിജയഭാസ്‌കര്‍ റെഡ്ഡിയെ കണ്ട് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനും സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും റിട്ടയേര്‍ഡ് ജഡ്ജിമാരും മനുഷ്യാവകാശ പ്രവര്‍ത്തകരും അംഗങ്ങളായും കമ്മീഷന്‍ രൂപീകരിക്കുന്നതില്‍ അഹമ്മദ് സാഹിബിന്റെ പങ്ക് നിസ്തുലമാണ്. ജസ്റ്റിസ് ഫാത്തിമ ബീവിയെ ഇന്ത്യയിലെ ആദ്യത്തെ മനുഷ്യാവകാശ കമ്മീഷനിലെ അംഗമാക്കുന്നതില്‍ അഹമ്മദ് സാഹിബ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേരള സംസ്ഥാന പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണായിരുന്ന ഫാത്തിമ ബീവിയെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ അംഗമാക്കിയതിലും ഇ അഹമ്മദ് സാഹിബിന് പങ്കുണ്ട്.

എന്നും ഒന്നാമത്

ലോകത്താകെയുള്ള വനിതകള്‍ക്ക് ആത്മാഭിമാനത്തിന്റെ പാത വെട്ടിയെന്നതാണ് ജ.ഫാത്തിമ ബീവിയുടെ അമരത്വം. 1927 ഏപ്രില്‍ 30ന് പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിലെ ആദ്യത്തെ കണ്‍മണിയായ അവര്‍ എന്നും ഒന്നാമതായി. രൂപീകരണത്തിന്റെ നാല്‍പതു വര്‍ഷത്തിന് ശേഷം സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി കടന്നു ചെന്ന് ‘പുരുഷന്മാരുടെ ക്ലബ്ബ്’ എന്ന ദുഷ്‌പേര് പേറുന്ന ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ പ്രകമ്പനം സൃഷ്ടിച്ച ഫാത്തിമ ബീവി അന്നോളം പിന്നിട്ടതിനും മുന്‍ മാതൃകകളില്ലായിരുന്നു. തിരുവിതാംകൂര്‍ രാജ്യത്തു നിന്ന് നിയമബിരുദം നേടിയ ആദ്യ മുസ്ലിം വനിതയായ അവര്‍ തന്നെയാണ്, മുന്‍സിഫായും മജിസ്‌ട്രേട്ടായും ജില്ലാ ജഡ്ജിയായും ആ സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലിം വനിത. മുസ്്‌ലിംകളില്‍ നിന്നുള്ള രാജ്യത്തെ ആദ്യ ഹൈക്കോടതി ജഡ്ജി മാത്രമല്ല, സുപ്രീം കോടതിയിലെ ജഡ്ജിയാകുന്ന ഏഷ്യയിലെ ആദ്യ വനിതയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജിയും ഇന്‍കം ടാക്‌സ് അപ്പലേറ്റ്ട്രൈബ്യൂണലില്‍ ജൂഡിഷ്യല്‍ അംഗമായി വന്ന ആദ്യ വനിതയും തമിഴ്‌നാട്ടില്‍ ഗവര്‍ണറായ ആദ്യ വനിതയും മറ്റാരുമല്ല.
പിതാവ് തിരുവിതാംകൂറിലെ രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാരനായിരുന്ന മീരാസാഹിബായിരുന്നു അവരുടെ ശക്തി. വിദ്യാഭ്യാസത്തില്‍ പൊതുവെ തല്‍പരരായിരുന്ന തമിഴ് റാവുത്തല്‍ കുടുംബമായിരുന്നു അവരുടേത്. അതുകൊണ്ട് തന്നെ ഫാത്തിമ ബീവിയുടെ സഹോദങ്ങളും അഭ്യസ്ഥവിദ്യരായി. കുല്‍സം ബീവി, റസിയ ബീവി (റിട്ട. ഹെഡ്മിസ്ട്രസ് പത്തനംതിട്ട തൈക്കാവ് സ്‌കൂള്‍), ഡോ. ഫസിയ റഫീഖ് (ശിശുരോഗ വിഭാഗം മുന്‍ മേധാവി, തിരുവനന്തപുരം മെഡിക്കല്‍ കോളജ്), പരേതരായ സാറ ബീവി, ഹബീബ് മുഹമ്മദ് (റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍, കൃഷി വകുപ്പ്), ഹനീഫ ബീവി (റിട്ട. ഹെഡ്മിസ്ട്രസ്, ഓമല്ലൂര്‍ ഹൈസ്‌കൂള്‍), മൈതീന്‍ സാഹിബ് (റിട്ട.ഡിവൈഎസ്പി, പത്തനംതിട്ട) തുടങ്ങിയവരെല്ലാം മാതൃകാ വ്യക്തിത്വങ്ങളാണ്.
ഇതൊന്നും വെള്ളിത്താലത്തില്‍ വെച്ച് അവര്‍ക്ക് മുമ്പില്‍ വെച്ചുനീട്ടിയതല്ല. പ്രതികൂല കാലാവസ്ഥയോട് പൊരുതിയാണ് ഓരോ ഘട്ടവും അവര്‍ തരണം ചെയ്തത്. പത്തനംതിട്ട സര്‍ക്കാര്‍ സ്‌കൂള്‍, കാതോലിക്കേറ്റ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം. 1943ല്‍ മട്രിക്കുലേഷന്‍ പാസായ ശേഷമാണ് തിരുവനന്തപുരം വിമന്‍സ് കോളജിലേക്ക് സയന്‍സെടുത്ത് പഠിച്ചതും രസതന്ത്രത്തില്‍ ബിരുദം നേടിയതും. പത്തനംതിട്ടയില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു കോളജുപോലുമില്ലായിരുന്നു. പഠനത്തിന് തിരുവനന്തപുരത്തേക്ക് പോകാനുള്ള അടിസ്ഥാന സൗകര്യവും ഇല്ലായിരുന്നു. പാലം പോലുമില്ലായിരുന്നെന്നും ഇടവപ്പാതിക്ക് കോളജ് തുറക്കുമ്പോള്‍ ആറ് കവിഞ്ഞൊഴുകുമ്പോള്‍ മഴവെള്ളത്തില്‍ കടത്ത് വലിയൊരനുഭവമായിരുന്നുവെന്നുവെന്നും ഫാത്തിമ ബീവി പലതവണ പറയാറുണ്ടായിരുന്നു. ബി.എസ്.സി കെമിസ്ട്രി പാസായ അവര്‍ എം.എസ്.സിക്ക് ചേരുമെന്ന കണക്കുകൂട്ടല്‍ തെറ്റിച്ചാണ് തിരുവനന്തപുരം ലോ കോളജില്‍ ചേര്‍ന്നത്. അന്നവിടെ അഞ്ച് പെണ്‍കുട്ടികള്‍ മാത്രമാണ് ചേര്‍ന്നത്. അതില്‍ തന്നെ രണ്ടുപേര്‍ പാതിയില്‍ നിര്‍ത്തി പോയി. ഒന്നാം റാങ്കോടെ സ്വര്‍ണമെഡലോല്‍ നേടി നിയമബിരുദം കരസ്ഥമാക്കിയ ഫാത്തിമ ബീവി പെരെടുത്ത അഭിഭാഷകയാവാന്‍ അധിക സമയം വേണ്ടിവന്നില്ല.
1950ല്‍ സി.പി.പരമേശ്വരന്‍ പിള്ളയുടെ ജൂനിയറായി അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിച്ച അവര്‍ പ്രമാദമായ നിരവധി കേസുകളാണ് കൈകാര്യം ചെയ്തത്. കൊല്ലത്തു പ്രാക്ടീസ് ചെയ്യുമ്പോള്‍ ക്രിമിനല്‍ കേസുകളിലായിരുന്നു ശ്രദ്ധ. ആ ഏഴു വര്‍ഷത്തിനിടെ ശൂരനാട് ലഹള, ചവറ ലഹള തുടങ്ങിയ കേസുകളില്‍ ഹാജരായി നടത്തിയ വാദങ്ങള്‍ വലിയ ശ്രദ്ധ നേടി. നല്ലൊരു ക്രിമിനല്‍ ലോയറായി കത്തിനില്‍ക്കുമ്പോഴാണ് കേരളപിറവിക്ക് ശേഷം ആദ്യമായി കേരള പി.എസ്.സി മുന്‍സിഫ് പരീക്ഷ നടത്തിയത്. ഒന്നാം റാങ്കോടെ വിജയിച്ച് 1958ല്‍ തൃശൂര്‍ മുനിസിഫായി ന്യായാധിപരംഗത്തെത്തി. കരുനാഗപ്പള്ളി, തിരുവനന്തപുരം, പുനലൂര്‍ എന്നിവടങ്ങളില്‍ മുനിസിഫായ ശേഷം 1968ല്‍ സബ് ജഡ്ജിയായി കോട്ടയത്ത് നിയമിതയായ അവര്‍ 1974ല്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് ജഡ്ജിയായ ശേഷം 1978ല്‍ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ അംഗമായിരിക്കെയാന് 1983ല്‍ കേരള ഹൈക്കോടതി ജഡ്ജിയായത്. കൊളീജിയം രീതി വരും മുമ്പുള്ള ആ നിയമനത്തില്‍, മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള വനിത ഉന്നത നീതിന്യായ സംവിധാനത്തിലേക്കു വരണമെന്ന അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്റെ നിലപാട് ഫാത്തിമ ബീവിക്ക് അനുഗ്രമായി. 1989 ഏപ്രിലില്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചിരിക്കുമ്പോഴാണ് കെ. കരുണാകരന്‍ വഴി പ്രധാമന്ത്രി രാജീവ് ഗാന്ധിയിലേക്ക് ആ പേരെത്തുന്നത്. അദ്ദേഹത്തിന്റെ കൂടി താല്‍പര്യത്തില്‍ 1989 നവംബറില്‍ സുപ്രീം കോടതി ജഡ്ജിയായി അവരെത്തുമ്പോള്‍ ആദ്യ വനിതാ കാവലാളായി ചരിത്രത്തില്‍ ഇടം പിടിച്ചു. സുപ്രീം കോടതിക്ക് 39 വയസ്സ് തികഞ്ഞ ശേഷമാണ് ഒരു വനിതാ ജഡ്ജി എത്തിയതെന്നതിന്റെ കാലാവസ്ഥക്ക് ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. മുക്കാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുള്ള പരമോന്നത കോടതിയില്‍ വനിതാ ജഡ്ജിമാരായി ഇതുവരെ ആറു പേരേ ഉണ്ടായിട്ടുള്ളൂ എന്നതും കൂട്ടിവായിക്കണം.

മനസാക്ഷി കോടതിയിലെ
ഗവര്‍ണര്‍ പദവി

ഗവര്‍ണര്‍ പദവിക്ക് അലങ്കാരം വരുത്തുന്നതായിരുന്നു ജ.ഫാത്തിമ ബീവിക്ക് ആ പദവി ലഭിച്ചത്. ദേവഗൗഡ പ്രധാനമന്ത്രിയായ കാലത്ത് തമിഴ്‌നാട് ഗവര്‍ണറായിരുന്ന ഡോ.ചെന്ന റെഡ്ഢിയുടെ നിര്യാണത്തെത്തുടര്‍ന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ താല്‍പര്യപ്രകാരമാണ് ഫാത്തിമ ബീവിയെ ഗവര്‍ണറായി നിയമിച്ചത്. 1997 ജനുവരി 25ന് ജ.ഫാത്തിമ ബീവി ഗവര്‍ണറായി ചുമതലയേറ്റ് ആദ്യം ഒപ്പിട്ടത് അനധികൃതമായി സ്വത്തു സമ്പാദിച്ച കേസില്‍ ജയലളിതയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന ഫയലിലായിരുന്നു. 2001 മെയ്യില്‍ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ അണ്ണാ ഡിഎംകെ നേതാവ് ജയലളിതയെ മുഖ്യമന്ത്രിയാകാന്‍ എതിര്‍പ്പുകളെയും നിയമ വൃത്തങ്ങളെയും ഞെട്ടിച്ച് ക്ഷണിച്ചതും അതേ ഫാത്തിമ ബീവി.
ടാന്‍സി അഴിമതിക്കേസില്‍ കോടതി കുറ്റക്കാരിയായി കണ്ടെത്തിയതിനാല്‍ ജയലളിതക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടായിരുന്നു. നിയമസഭാ പാര്‍ട്ടി തിരഞ്ഞെടുക്കുന്ന നേതാവിനെയാണ് ഭരണഘടനാപരമായി ഗവര്‍ണര്‍ ക്ഷണിക്കേണ്ടതെന്നായിരുന്നു ഫാത്തിമ ബീവിയുടെ വാദം. ‘സുപ്രീം കോടതി ജഡ്ജിയായിരുന്ന വ്യക്തിയെ ഭരണഘടന പഠിപ്പിക്കേണ്ടതില്ല’ എന്നു ഗവര്‍ണര്‍ക്ക് പിന്തുണയുമായി ജയലളിത രംഗത്തെത്തിയെന്നു മാത്രമല്ല, 2001 ജൂണ്‍ 30ന് പുലര്‍ച്ചെ നാടകീയമായി മുന്‍ മുഖ്യമന്ത്രി കരുണാനിധി, കേന്ദ്രമന്ത്രിമാരായ മുരശൊലിമാരന്‍, ടി.ആര്‍ ബാലു എന്നിവരെ ചെന്നൈയില്‍ ബലമായി അറസ്റ്റ് ചെയ്ത് പകപോക്കുകയും ചെയ്തു. ക്രമസമാധാന നില തകര്‍ന്നെന്ന റിപ്പോര്‍ട്ട് കാത്തിരുന്ന കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാറിന് നിരാശയായിരുന്നു ഫലം. സംഭവത്തില്‍ വസ്തുനിഷ്ഠമായ വിവരം നല്‍കിയില്ലെന്നും ജയലളിത സര്‍ക്കാറിനെ സഹായിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് അവരെ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് തിരിച്ചുവിളിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഫാത്തിമ ബീവി ഉടന്‍ നാലുവരി രാജിക്കത്ത് രാഷ്ട്രപതി ഭവനിലേക്കു ഫാക്‌സയച്ചു. പത്തു മിനിറ്റ് കഴിഞ്ഞ് ഗവര്‍ണറെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള കാബിനറ്റ് തീരുമാനം രാഷ്ട്രപതി ഭവനിലെത്തിയപ്പോഴേക്കും അവര്‍ ആ സ്ഥാനം വിട്ടിരുന്നു.
ഝാന്‍സിറാണി, സരോജിനി നായിഡു, മദര്‍തെരേസ, ഇന്ദിരാഗാന്ധി, പ്രതിഭാ പാട്ടീല്‍, കല്‍പന ചൗള, ലതാമങ്കേഷ്‌ക്കര്‍, എം.എസ് സുബ്ബലക്ഷ്മി, ദൗര്‍പ്രതി മുര്‍മു, കിരണ്‍ബേദി തുടങ്ങിയ മികച്ച പത്ത് ഇന്ത്യന്‍ വനിതകളുടെ പട്ടികയില്‍ ഇടംനേടിയ ഫാത്തിമ ബീവി ജനിക്കാനിരിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ കൂടി പ്രചോദനമാണ്. പക്ഷെ, ആ മഹാ പ്രതീകത്തെ മാന്യമായി യാത്രയാക്കാന്‍ പോലും ഭരണകൂടങ്ങള്‍ ശ്രമിച്ചില്ല. ഒരു പ്രാദേശിക അവധിപോലും നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒരു മന്ത്രിയെ പോലും പറഞ്ഞുവിട്ടില്ല. പത്തനംതിട്ട ജില്ലയിലെ മന്ത്രിയൊരു സ്ത്രീയായിട്ടുകൂടി ഈ അപമാനകരമായ അവഗണന വലിയ വേദനയാണ്. ഇതുകൊണ്ടൊന്നും മങ്ങുന്നതല്ല വഴികാട്ടിയ ആ മഹാ നക്ഷത്രത്തിന്റെ ശോഭ. തലമുറകള്‍ക്ക് അവര്‍ വഴികാട്ടുകതന്നെ ചെയ്യും.

Continue Reading

Article

തിരഞ്ഞെടുപ്പ് പരാജയത്തിൽ ആടിയുലഞ്ഞ് കർണാടക ബിജെപി ; അവലോകന യോഗത്തിൽ നേതൃത്വ ത്തിനെതിരെ പൊട്ടിത്തെറിച്ച് നേതാക്കൾ

Published

on

സി. പി. സദക്കത്തുള്ള

ബംഗളുരു:തിരഞ്ഞെടുപ്പ് ഫലം വന്നു ഒരു മാസം കഴിഞ്ഞിട്ടും പരാജയ കാരണങ്ങൾ വിലയിരുത്താൻ യോഗം വിളിക്കാൻ സംഘടന ആരോഗ്യം നഷ്ട്ടപ്പെട്ട ബിജെപി
കഴിഞ്ഞ ദിവസം വിളിച്ചു കൂട്ടിയ നേതൃ യോഗത്തിൽ പരസ്പരം നേതാക്കളുടെ ആരോപണ പ്രത്യരോപണങ്ങൾക്ക് വേദിയായി. വൻ ഭൂരിപക്ഷം നേടി ഭരണ ത്തിലെത്തിയ കോൺഗ്രസ്സ് ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കി കൊണ്ട്
ഭരണ ചക്രം ചലിപ്പിച്ചു തുടങ്ങിയിട്ടും ക്രിയാത്മക പ്രതിപക്ഷമായി സർക്കാരിനെ
പ്രധിരോധിക്കാൻ പോലും ആകാത്ത സ്ഥിതിയിലാണ് സംഘടനാപരമായി ബിജെപി എ ത്തിപ്പെട്ടിട്ടുള്ളത്.

പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ ഇത് വരെയും ബിജെപി ക്കു സാധിക്കാത്തത് പാർട്ടിക്കുള്ളിലെ ഭിന്നതയും വിഭാഗീയതയും കൊണ്ടാണ്. പത്രജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷ നിലും മുഖ്യമന്ത്രിയിലും കെട്ടിവെക്കാൻ ഒരു വിഭാഗം നേതാക്കൾ ശ്രമിച്ചത് വാക്ക് തർക്കത്തിന്നിടയായി സംസ്ഥാന അധ്യക്ഷന്റെ അവധി അവസാനിച്ച നിലക്ക് പുതിയ പ്രസിഡന്റിനെ നിയമിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ കടുത്ത നിലപാട്
തുടർ ഭരണം നഷ്ട്ട പ്പെടാൻ കാരണമായ ഭരണ വിരുദ്ധ വികാരം ഉടലെടുക്കാൻ കാരണക്കാരനായ ബസവരാജ് ബൊമ്മായി പ്രതിപക്ഷ നേതൃ സ്ഥാനത്തു വരുന്നതിനെയും ഭൂരിഭാഗം പേരും എതിർക്കുന്നു.

തീവ്ര ഹിന്ദുത്വ വാദിയായ ബസവൻ ഗൗഡ പാട്ടിൽ, ആർ. അശോക് എന്നിവരിൽ ആരെയെങ്കിലും പ്രതിപക്ഷ നേതാവാക്കണമെന്നാണ് ബൊമ്മായി വിരുദ്ധരുടെ നിലപാട്. പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് ചിക്കമംഗ്ലൂരിൽ പരാജയപ്പെട്ട സി. ടി. രവിക്കായി ചില നേതാക്കൾ ശക്തമായി നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും ദേശീയ നേതൃത്വം കേന്ദ്ര മന്ത്രി ആയ ശോഭ കരന്തലജെ യെ പരിഗണിക്കുന്നതായാണ് ലഭിക്കുന്ന വിവരം ഒരാഴ്ച മുൻപ് ബാംഗ്ലൂരിൽ ചേർന്ന എം. എൽ. എ. മാരും പരാജയപ്പെട്ട സ്ഥാനാർഥികളും ഉൾപ്പടെ ഉള്ളവരുടെ യോഗത്തിൽ നേതൃ ത്വത്തിന്നെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.

കോണ്ഗ്രസ്സിന്റെ അഞ്ചിന ഗ്യാരന്റി വോട്ടർമാരെ സ്വാധീനിച്ചപ്പോൾ അതിനെ പ്രതിരോധിക്കാതെ നേതാക്കൾ അലമ്പവം കാട്ടി എന്ന് പലരും വിമർശിച്ചു. ദൃതി പിടിച്ചു മുസ്ലിം സംവരണം എടുത്തു കളഞ്ഞതും എസ്. സി, എസ്. ടി, ബഞ്ചാര വിഭാഗങ്ങളുടെ സംവരണത്തിൽ ഒളിച്ചു കളി നടത്തിയതും പരാജയകാരണമായി പരാജയപ്പെട്ട ഭൂരിഭാഗം പേരും തുറന്നടിച്ചു. കോണ്ഗ്രസ്സിന്റെ ബജറങ് ദൾ നിരോധന പ്രഖ്യാപനം ജനത ദളിലെ മുസ്ലിം വോട്ടുകൾ കോൺഗ്രസ്സിൽ എത്താൻ ഇടയാക്കിയതും ന്യുനപക്ഷ ഏകീകരണത്തിന്ന് കാരണമായതായും പരാജയപ്പെട്ട മുതിർന്ന നേതാവ് തുറന്നു പറഞ്ഞു.

സ്ഥാനാർഥി നിർണയം ഏകപക്ഷീയമായി കേന്ദ്ര നേതൃത്വം നടത്തിയതാണ് വമ്പിച്ച പരാജയത്തിന്ന് കാരണ മായതെന്നു പലരും അഭിപ്രായപ്പെടുകയും വിമർശിക്കുകയും ചെയ്തു.ലോകാസഭ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിൽ ഏതു വിധേനയും സംസ്ഥാനത്തെ പാർട്ടിയിലെ നിലവിലെ അനീശ്ചിതാ വസ്ഥക്ക്
പെട്ടന്ന് പരിഹാരം ഉണ്ടാകുമെന്നും രണ്ടു നാൾക്കകം പ്രതിപക്ഷ നേതാവ്, സംസ്ഥാന അധ്യക്ഷൻ എന്നിവരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും മുതിർന്ന നേതാവ് അറിയിച്ചു.

അതിനിടെ ചില ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ്സ് നേതാക്കളുമായി ഒത്തു കളിച്ചതായി മൈസൂർ ലോകാസഭ അംഗവും ബിജെപി നേതാവുമായ പ്രധാപ് സിംഹ മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞത് പാർട്ടിയിലെ പടല പിണക്കങ്ങൾ പരസ്യ പൊരിലേക്ക് എത്തിയത്തിന്റെ സൂചനയാണ് ഒത്തു കളി രാഷ്ട്രീയം നടന്നിട്ടുണ്ടാകാമെന്ന്
സി. ടി. രവിയും മാധ്യമങ്ങളോട്
പ്രതികരിച്ചു

Continue Reading

Trending