രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് ഭരണകക്ഷിയായ ബി.ജെ.പി നിശ്ചയിച്ചിരിക്കുന്ന രാംനാഥ് കോവിന്ദ് ആ പാര്‍ട്ടിയുടെ അറുപിന്തിരിപ്പന്‍ ആശയഗതികള്‍ക്ക് അനുയോജ്യനായ വ്യക്തിയാണെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. അഭ്യൂഹങ്ങള്‍ക്കിടെ തിങ്കളാഴ്ച ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്റിബോര്‍ഡ് യോഗമാണ് കോവിന്ദിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് പറയപ്പെടുന്നതെങ്കിലും പ്രധാനമന്ത്രിയുടെയും പാര്‍ട്ടിഅധ്യക്ഷന്‍ അമിത്ഷായുടെയും ഉള്ളിലിരിപ്പാണ് യഥാര്‍ഥത്തില്‍ ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയിലെയോ സര്‍ക്കാരിലെയോ പ്രമുഖരായ രാജ്‌നാഥ്‌സിംഗ്, വെങ്കയ്യനായിഡു, സുഷമസ്വരാജ് തുടങ്ങിയവര്‍പോലും മുന്‍കൂട്ടി കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല എന്നാണ് വാര്‍ത്തകള്‍. എന്തിനേറെ കോവിന്ദ് പോലും തീരുമാനത്തിനുശേഷമാണ് രാജ്യത്തിന്റെ പുതിയ രാഷ്ട്രപതിസ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന് അറിയുന്നതത്രെ. സംഗതി ഏതായാലും നരേന്ദ്രമോദിയുടെ ഏകാധിപത്യപരവും നിഗൂഢവും തന്ത്രപരവുമായ ശൈലിയാണ് കോവിന്ദിന്റെ തിരഞ്ഞെടുപ്പിലൂടെയും ആവര്‍ത്തിച്ചിക്കുന്നതെന്നത് ഉറപ്പാണ് .
ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലുമായി പരന്നുകിടക്കുന്ന ദലിത് സമുദായമായ കോലിജാതിക്കാരനാണ് പൊതുവെസൗമ്യനും അഴിമതിതൊട്ടുതീണ്ടാത്ത വ്യക്തിത്വത്തിനുടമയായ എഴുപത്തൊന്നുകാരന്‍ കാണ്‍പൂരുകാരനായ രാംനാഥ് കോവിന്ദ്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വേദികളിലൊഴികെ ദേശീയതലത്തില്‍ അത്രയൊന്നും അറിയപ്പെടാത്ത വ്യക്തിത്വം. ബി.ജെ.പിയുടെ ദലിത്കൂട്ടായ്മയായ ഭാരതീയ ദലിത്‌മോര്‍ച്ചയുടെ ദേശീയാധ്യക്ഷന്‍, പാര്‍ട്ടിയുടെ മുന്‍വക്താവ്. 1994 മുതല്‍രണ്ടുതവണ രാജ്യസഭാംഗം. നിയമബിരുദത്തിനുശേഷം സുപ്രീംകോടതിയില്‍ അഭിഭാഷകന്‍. ഇപ്പോള്‍ ബീഹാര്‍ഗവര്‍ണര്‍. എന്നാല്‍ ഇതൊക്കെ മാത്രമാണോ കോവിന്ദിനെ തിരഞ്ഞെടുക്കുന്നതില്‍ മോദിയെ സ്വാധീനിച്ചതെന്ന് പറയാനാകാത്ത വിധം രാഷ്ട്രീയമായ ഒട്ടേറെഘടകങ്ങള്‍ ഈ ബി.ജെ.പി നേതാവിന്റെ പൂര്‍വാശ്രമ രാഷ്ട്രീയസ്വയംസേവകബന്ധം ചിലസൂചനകള്‍ നല്‍കുന്നുണ്ട്. അതിലൊന്നാണ് പാര്‍ട്ടിവക്താവായിരിക്കെ മുസ്്‌ലിംകളും ക്രിസ്ത്യാനികളും ഇന്ത്യാരാജ്യത്തിന് അന്യരാണ് എന്ന കോവിന്ദിന്റെ പരാമര്‍ശം. ബ്രാഹ്മണമേധാവിത്വത്തിന്റെയും സവര്‍ണഫാസിസത്തിന്റെയും വലതുപക്ഷഭീകരഭാവം പേറുന്ന ആര്‍.എസ്.എസിന്റെ നാക്കാണ്് ഈ ദലിത് നേതാവിലൂടെ അന്ന് പുറത്തുവന്നത് എന്നതുമതി ഇദ്ദേഹത്തിന്റെ അപരവ്യക്തിത്വത്തിന് മാര്‍ക്കിടാന്‍. സര്‍വോപരി മോദിയുടെ ഏകച്ഛത്രാധിപമായ നേതൃശൈലിക്ക് ഒരുതരത്തിലും ഭീഷണിയാകാത്ത വ്യക്തിത്വം എന്ന ഘടകവും ഈ തിരഞ്ഞെടുപ്പിന് പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.
എം.പിമാരും എം.എല്‍.എമാരുമടങ്ങുന്ന ഇലക്ടറല്‍ കോളജിനാണ് രാഷ്ട്രത്തിന്റെ ഭരണത്തലവനെയും സര്‍വസൈന്യാധിപനെയും തിരഞ്ഞെടുക്കാനുള്ള അധികാരം എന്നിരിക്കെ ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ പ്രതിപക്ഷത്തിന് ആ റോളില്‍ കാര്യമായി ശോഭിക്കാനാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ലോക്‌സഭയിലെ മഹാഭൂരിപക്ഷവും വിവിധസംസ്ഥാനങ്ങളില്‍ അടുത്തകാലത്തായി നേടിയ തുടര്‍വിജയങ്ങളും ബി.ജെ.പിസ്ഥാനാര്‍ഥിയുടെ വിജയം സുനിശ്ചിതമാക്കുന്നുണ്ട്. അതേസമയം ജനാധിപത്യപരമായി പ്രതിപക്ഷത്തിന് അതിന്റെ കടമ നിര്‍വഹിക്കേണ്ട ബാധ്യതയും നിലനില്‍ക്കുന്നു. രാഷ്ട്രപതിയായി ആരെ നിശ്ചയിക്കണമെന്ന കാര്യത്തില്‍ ദേശീയകക്ഷികളുടെ സമവായം വേണമെന്നാണ് പൊതുവെ ജനതആഗ്രഹിച്ചിരുന്നത്. അതിനായി പ്രതിപക്ഷകക്ഷികള്‍ കാത്തിരിക്കുന്നതിനിടെയാണ് പൊടുന്നനെയുള്ള ഈ പ്രഖ്യാപനം.
സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ടിട്ടില്ലാത്ത രീതിയിലുള്ള മതപരവും ജാതീയവും വംശീയവുമായ അസ്വസ്ഥതകളും സംഘര്‍ഷങ്ങളും രാജ്യത്തെങ്ങും നിറഞ്ഞുനില്‍ക്കുന്ന സമയത്ത് എക്‌സിക്യൂട്ടിവിന് നേര്‍ദിശ കാട്ടിക്കൊടുക്കേണ്ട ഭാരിച്ച ബാധ്യതയാണ് രാഷ്ട്രപതിക്ക് ഇന്നുള്ളത്. ഹിന്ദുത്വരാഷ്ട്രീയം ഫാസിസത്തിന്റെ രാക്ഷസീയരൂപം കൈവരിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് പട്ടാപ്പകല്‍ ഗോമാതാവിന്റെ പേരില്‍ കൊലചെയ്യപ്പെടുന്ന നിരപരാധികളായ പൗരന്മാരും അപരാധികളായ ഭരണകക്ഷിക്കാരും. ദലിതുകളുടെ ദു:സ്ഥിതി വെളിവാക്കുന്നതാണ് ഭാര്യയുടെ മൃതദേഹവുമായുള്ള മാഞ്ചിയുടെ ഇന്ത്യയുടെ വിരിമാറിലൂടെയുള്ള പതിനാറുകിലോമീറ്റര്‍ നടത്തവും മോദിയുടെ ഗുജറാത്തിലെ ഉനയില്‍ കുലത്തൊഴിലിലേര്‍പ്പെട്ടതിന് മേല്‍ജാതിക്കാരുടെ ചന്തിക്കടിയേല്‍ക്കേണ്ടിവന്ന യുവാക്കളും. സര്‍വസംഘപരിത്യാഗിയായ മുഖ്യമന്ത്രിയുടെ സംസ്ഥാനത്ത് ‘ഭീം പട്ടാള’ ക്കാര്‍ നിലനില്‍പിനായി പൊരുതുകയാണ്.
തന്റെയും പാര്‍ട്ടിയുടെയും രണ്ടുവര്‍ഷത്തിനകം വരാനിരിക്കുന്ന ലിറ്റ്മസ് പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലിരിക്കുന്ന മോദിക്ക് വിദേശപര്യടനങ്ങളും നോട്ടുനിരോധനമടക്കമുള്ള വിതണ്ഡനയപരിപാടികളും കൊണ്ട് രക്ഷപ്പെടാനാവില്ലെന്ന് നന്നായറിയാം. റബര്‍സ്റ്റാമ്പെന്ന രാഷ്ട്രപതിപദവിക്കുള്ള പരിഹാസപ്പേരിന് കയ്യൊപ്പ് ചാര്‍ത്തുന്നതായി മോദിയുടെ ഈ തിരഞ്ഞെടുക്കല്‍. ഒപ്പം തനിക്ക് ഭീഷണിയായേക്കാവുന്ന എല്‍.കെ അഡ്വാനിയെയും മുരളിമനോഹര്‍ജോഷിയെയും പോലുള്ളവരെ ഒഴിവാക്കാനും ഇതുമൂലമായി. കെ.ആര്‍ നാരായണനെയും എ.പി.ജെ അബ്ദുല്‍കലാമിനെയും പോലുള്ള ഉന്നതചിന്താശ്രേണിയിലുള്ള വ്യക്തിത്വത്തിന് പകരമായി പ്രധാനമന്ത്രിക്കുപുറമെ മറ്റൊരു ഉന്നതഭരണഘടനാപദവിയെകൂടി ആര്‍.എസ്.എസിന്റെ വരുതിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇതിന് മറുപടി കൊടുക്കേണ്ടത് ഒറ്റക്കെട്ടായ പ്രതിപക്ഷപാര്‍ട്ടികളും ജനതയുമാണ്.