കൊച്ചി: കൊച്ചിയില്‍ യുവനടിയെ കാറില്‍ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ പക്കല്‍ കൂടുതല്‍ പേരുടെ ദൃശ്യങ്ങള്‍ ഉള്ളതായി സംശയം. യുവതികളെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ബ്ലാക് മെയിലിങ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. കൊച്ചിയിലെ സംഭവത്തിനു മുമ്പ് സമാനരീതിയില്‍ സുനിയുടെ നേതൃത്വത്തില്‍ മറ്റൊരു നടിയെ ആക്രമിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ കസ്റ്റഡിയിലാണ് സുനി. മറ്റൊരു നടിക്കു നേരെ കൂടി ആക്രമണം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ കൂടുതല്‍ സ്ത്രീകള്‍ക്കു നേരെ ഇത്തരത്തില്‍ ബ്ലാക്‌മെയിലിങ് നടന്നിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
അതിനിടെ, ആദ്യ ക്വട്ടേഷന്‍ പീഡനവുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ലാല്‍ജി, സി.ഐ അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ സൗത്ത് റെയില്‍വെ സ്റ്റേഷന്‍, പൊന്നുരുന്നി, വൈറ്റില, റമദ റിസോര്‍ട്ട് എന്നിവിടങ്ങളില്‍ സുനിയെ എത്തിച്ച് തെളിവെടുത്തു. കേസിലെ മറ്റു രണ്ടു പ്രതികള്‍ റിമാന്റിലാണ്. ഇവരെ കൂടി കസ്റ്റഡിയില്‍ വാങ്ങിയാലേ മുതിര്‍ന്ന നടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച വാഹനം കസ്റ്റഡിയിലെടുക്കാന്‍ സാധിക്കൂകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.