Connect with us

Video Stories

ഖത്തര്‍ നാഷണല്‍ ലൈബ്രറി ഔദ്യോഗിക ഉദ്ഘാടനം ഏപ്രിലില്‍; വിപുലമായ പരിപാടികള്‍

Published

on

 

സ്വന്തം ലേഖകന്‍
ദോഹ

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഖത്തര്‍ നാഷണല്‍ ലൈബ്രറി(ക്യുഎന്‍എല്‍)യുടെ പുതിയ കെട്ടിടസമുച്ചയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിലില്‍ നടക്കും. ഇതോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വൈവിധ്യമാര്‍ന്ന വിനോദ വിജ്ഞാന പരിപാടികളും പ്രദര്‍ശനങ്ങളും പ്രഭാഷണങ്ങളും സെമിനാറുകളും ശില്‍പ്പശാലകളും നടക്കും.
കഴിഞ്ഞവര്‍ഷം നവംബര്‍ ഏഴിനായിരുന്നു ലൈബ്രറി പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയിരുന്നത്. ഔദ്യോഗിക ഉദ്ഘാടനം 2018ലായിരിക്കും നടക്കുകയെന്ന് ആ ഘട്ടത്തില്‍തന്നെ അറിയിച്ചിരുന്നു. വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കൊപ്പം പുതിയ സേവനങ്ങള്‍ക്കും ഉദ്ഘാടനത്തോടനുബന്ധിച്ച് തുടക്കംകുറിക്കും. ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ ഭാഗാമായാണ് ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമാകുന്ന വിധത്തിലാണ് നാഷണല്‍ ലൈബ്രറിയുടെ നിര്‍മാണം. വിജ്ഞാനശേഖരണത്തിനുള്ള ആധുനിക മാര്‍ഗങ്ങളും സംവിധാനങ്ങളും ഇവിടെയുണ്ട്. ആഗോളതലത്തില്‍തന്നെ മാതൃകാപരമായൊരു നാഷണല്‍ ലൈബ്രറിയായി മാറ്റിയെടുക്കത്തക്കവിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഒഎംഎ(ഓഫീസ് ഫോര്‍ മെട്രൊപൊളിറ്റന്‍ ആര്‍ക്കിടെക്ചര്‍)യിലെ റെം കൂല്‍ഹാസാണ് പുതിയ നാഷണല്‍ ലൈബ്രറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ പഠന സൗകര്യങ്ങള്‍ക്കുള്ള സ്ഥലങ്ങളും പരിപാടികള്‍ അവതരിപ്പിക്കാനുള്ള വേദികളും കഫേകളും പുതിയ ലൈബ്രറിയിലുണ്ട്.
ഏപ്രിലിലെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടാഴ്ച നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയിലെല്ലാം പൊതുജനങ്ങള്‍ക്കും പങ്കുചേരാം. ഏപ്രില്‍ പതിനേഴിന് ഖത്തര്‍- ജര്‍മന്‍ പ്രദര്‍ശനത്തിനു തുടക്കമാകും. അറബിക് ജര്‍മന്‍ നാടന്‍ കഥകളുടെയും ചരിത്രത്തിന്റെയും ആഴത്തിലുള്ള അവതരണം നടക്കും. രണ്ടു പാരമ്പര്യങ്ങള്‍ എങ്ങനെ പരസ്പരം സ്വാധീനി്ക്കപ്പെട്ടു എന്നു മനസിലാക്കാനും പ്രദര്‍ശനം സഹായിക്കും.
ഖത്തറിലെയും ജര്‍മനിയിലെയും കഥപറച്ചിലിന്റെ നൂതന സങ്കേതങ്ങള്‍, അറേബ്യന്‍ രാത്രികള്‍, ജെബ്രൂഡര്‍ ഗ്രിമ്മിന്റെ രസകരമായ കഥകള്‍ എന്നിവയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട സമകാല ജര്‍മന്‍- ഖത്തരി കഥകള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിന്റെ ഭാഗമാകും.
ഏപ്രില്‍ പതിനേഴിനു തന്നെ പ്രഥമ ഖത്തര്‍ നാഷണല്‍ ലൈബ്രറി പൈതൃക ലൈബ്രറി പ്രദര്‍ശനം നടക്കും. ഇസ് ലാമിക് ലോകത്തിന്റെ പൈതൃകം വിശദമായി മനസിലാക്കാന്‍ പ്രദര്‍ശനം ഉപകരിക്കും. പുസ്തകങ്ങള്‍, കയ്യെഴുത്ത് പ്രതികള്‍, ഭൂപടങ്ങള്‍, ഗ്ലോബുകള്‍, യാത്രക്കാരുടെ ഉപകരണങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശിപ്പിക്കും. ഖത്തറിന്റെ കഥയെക്കുറിച്ചുള്ള അവതരണം, മേഖലയിലെ ശാസ്ത്ര്ം, സാഹിത്യം, വനിത, എഴുത്ത്, യാത്ര, മതം എന്നിവയുടെയെല്ലാം ചരിത്രം അനാവരണം ചെയ്യും. ഏപ്രില്‍ 17നു വൈകുന്നേരം സത്യത്തിന്റെ കാര്യങ്ങള്‍- വ്യാജവാര്‍ത്തകളുടെ കാലഘട്ടം എന്ന പേരില്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിക്കും. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ രാഷ്ട്രീയ അജണ്ടകള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതിന് വ്യാജവാര്‍ത്തകള്‍ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചാണ് ചര്‍ച്ച.
ന്യുയോര്‍ക്ക് ടൈംസിന്റെ റോജര്‍ കോഹന്‍, ബ്രിട്ടീഷ് ലൈബ്രറി ചീഫ് എക്‌സിക്യുട്ടീവ് റോളി കീറ്റിങ്, കൗണ്‍സില്‍ ഓണ്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ റിസോഴ്‌സസ് പ്രസിഡന്റ് ചാള്‍സ് ഹെന്റി, ഖത്തര്‍ ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മാഗി സലേം എന്നിവര്‍ പങ്കെടുക്കും. യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌ലഹോമ മിഡില്‍ഈസ്റ്റ് സ്റ്റഡീസ് പ്രൊഫസര്‍ സാമര്‍ ഷെഹതയായിരിക്കും മോഡറേറ്റര്‍. ഏപ്രില്‍ 17നുതന്നെ ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ ബുക്ക് ക്ലബ്ബ് ഫോര്‍ ദി ബ്ലൈന്‍ഡിന് വേള്‍ഡ് ബ്ലൈന്‍ഡ് യൂണിയന്‍ പ്രസിഡന്റ് ഡോ. ഫ്രെഡറിക് കെ ഷ്രോയെദര്‍ തുടക്കംകുറിക്കും.സാമൂഹിക അവസരങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം ലൈബ്രറിയുടെ സ്രോതസ്സുകളിലേക്കും സേവനങ്ങളിലേക്കും തുല്യ പ്രവേശനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഈ ക്ലബ്ബിലൂടെ ലക്ഷ്യമിടുന്നത്. ലൈബ്രറിയുടെ പ്രഥമ ഡിജിറ്റല്‍ പ്രദര്‍ശനത്തോടനുബന്ധിച്ച് ഏപ്രില്‍ പതിനെട്ടിന് ഡേറ്റാ ജേര്‍ണലിസ്റ്റും ഡിസൈനറുമായ ഡേവിഡ് മക്കാന്‍ഡില്‍സ് പ്രഥമ പ്രഭാഷണം നടത്തും. ഏപ്രില്‍ 19ന് യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ പ്ലാനറ്ററി സയന്റിസ്റ്റും നാസ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടയിലെ കോ ഇന്‍വെസ്റ്റിഗേറ്ററുമായ ഡോ. ഇസ്സം ഹെഗിയുടെ പ്രഭാഷണം നടക്കും.ലൈബ്രറി കണ്‍സേര്‍ട്ട് സീരിസിന്റെ ഭാഗമായ മാസാന്ത്യ ഫില്‍ഹാര്‍മണിക് ഷോയില്‍ ഖത്തര്‍ ഫില്‍ഹാര്‍മണിക് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന പരിപാടിയും അന്നുതന്നെ നടക്കും. ഏപ്രില്‍ 22 മുതല്‍ 25വരെ പരമ്പരാഗത അറബ് ആര്‍ക്കിടെക്ചര്‍ വാരം നടക്കും. ഖത്തറിന്റെയും അറേബ്യന്‍ ഗള്‍ഫിന്റെയും വാസ്തുവിദ്യയും രൂപകല്‍പ്പനയും അടുത്തറിയാനും കൂടുതല്‍മനസിലാക്കാനും അവസരമുണ്ടാകും. ഇസ് ലാമിക് ആര്‍ക്കിയോളജിസ്റ്റ് പ്രൊഫ. ക്ലെയര്‍ ഹാര്‍ഡി ഗില്‍ബര്‍ട്ട് ഉദ്ഘാടനം ചെയ്യും. ഖത്തറിന്റെ പരമ്പരാഗത വാസ്തുവിദ്യ(കൊട്ടാരങ്ങള്‍, വീടുകള്‍, ഷോപ്പുകള്‍, ഫാമുകള്‍, പള്ളികള്‍, കോട്ടകള്‍)യെക്കുറിച്ചുള്ള പ്രഭാഷണമുണ്ടാകും.
ഖത്തറിലെ ഫ്രഞ്ച് ആര്‍ക്കിയോളജിക്കല്‍ മിഷന്‍ 1985- 1986 കാലങ്ങളിലായി എടുത്ത ഖത്തര്‍ പരമ്പരാഗത കെടട്ടിടങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ ഉള്‍പ്പെടുത്തിയുള്ള പ്രദര്‍ശനവുമുണ്ടാകും. ഖത്തര്‍ നാഷണല്‍ ലൈബ്രറി അടുത്തിടെയാണ് ഈ ഫോട്ടോഗ്രാഫുകള്‍ സ്വന്തമാക്കിയത്. ഹെറിറ്റേജ് ലൈബ്രറിയും വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഏപ്രില്‍ 26, 29, മേയ് രണ്ട് തീയതികളിലായി വൈവിധ്യമാര്‍ന്ന പരിപാടികളും പ്രഭാഷണങ്ങളും പ്രദര്‍ശനങ്ങളും നടക്കും. ചരിത്രഭൂപടങ്ങളുമായി ബന്ധപ്പെട്ട ഖത്തറിന്റെ വിഷയം ഏപ്രില്‍ 29ന് അവതരിപ്പിക്കും. ലൈബ്രറിയിലെ ഉദ്യോഗസ്ഥരായ ക്രിസ്റ്റഫര്‍ അലാരിയോ, ഡോ. ജെയിംസ് ഒന്‍ലേ എന്നിവര്‍ നേതൃത്വം നല്‍കും.
ചരിത്രഭൂപടത്തില്‍ 200വര്‍ഷത്തിലധികം ദുരൂഹസാഹചര്യത്തില്‍ ഖത്തര്‍ അപ്രത്യക്ഷമാകലായിരിക്കും ചര്‍ച്ച ചെയ്യുക. ഭൂപടങ്ങളില്‍ ഏകദേശം 2000 വര്‍ഷങ്ങളായി ഖത്തറിന്റെ സാന്നിധ്യമുണ്ട്.
എന്നാല്‍ ചില ഭൂപടങ്ങളില്‍ 1548 മുതല്‍ 1596വരെ കാണപ്പെട്ടശേഷം പിന്നീട് 1823വരെ കാണാനാകാത്ത സ്ഥിതിയുണ്ട്. ഇക്കാര്യങ്ങളാവും പ്രധാനമായും ചര്‍ച്ച ചെയ്യുക. മേയ് രണ്ടിന് കേംബ്രിഡ്ജ് ഫിറ്റ്‌സ് വില്യം മ്യൂസിയത്തിലെ ഇസ് ലാമിക്, ഇന്ത്യന്‍ കയ്യെഴുത്ത് പ്രതികളുടെ ഹോണററി കീപ്പര്‍ മാര്‍ക്കസ് ഫ്രേസറിന്റെ പ്രഭാഷണമുണ്ടാകും. ബ്ലൂ ഖുര്‍ആന്‍ കയ്യെഴുത്ത്പ്രതിയുടെ തുടക്കവും മാറ്റങ്ങളും സംബന്ധിച്ചാണ് അദ്ദേഹത്തിന്റെ പ്രഭാഷണം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending