ദുബായ്: ഐസിസിയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്. ഫെബ്രുവരി മാസത്തെ മികച്ച താരമായാണ് അശ്വിന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മിന്നും പ്രകടനമാണ് താരം പുറത്തെടുത്തത്. പരമ്പരയുടെ താരമായും അശ്വിന്‍ മാറിയിരുന്നു. പിന്നാലെയാണ് ഫെബ്രുവരിയിലെ മികച്ച താരമായി ഐസിസി അശ്വിനെ പ്രഖ്യാപിച്ചത്.

ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ 106 റണ്‍സെടുത്ത് ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ അശ്വിന് സാധിച്ചു. അഹമ്മദാബാദില്‍ നടന്ന മൂന്നാം ടെസ്റ്റില്‍, കരിയറില്‍ 400 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടവും താരം സ്വന്തമാക്കി.

പരമ്പരയില്‍ ആകെ 176 റണ്‍സും 24 വിക്കറ്റുകളുമാണ് അശ്വിന്‍ നേടിയത്. അശ്വിന്റെ ഓള്‍റൗണ്ട് മികവില്‍ നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1ന് നേടി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. ആരാധകരുടെ ഏറ്റവും കൂടുതല്‍ വോട്ട് ഫെബ്രുവരിയില്‍ ലഭിച്ചത് അശ്വിനാണെന്ന് ഐസിസി വ്യക്തമാക്കി. ഇംഗ്ലണ്ട് വനിതാ താരം ടമ്മി ബിയോമൊണ്ട് ആണ് ഫെബ്രുവരിയിലെ മികച്ച വനിതാ താരം.