ഇന്‍ഡോര്‍: ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ത്രീകളും പുരുഷന്‍മാരും തുല്യരാണെന്നും അവര്‍ക്ക് എവിടെയും പോകാന്‍ അനുമതിയുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം തന്റെ വ്യക്തിപരമായ അഭിപ്രായമാണിതെന്നും ഇത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

കേരളത്തിലെ സ്ത്രീകളേയും പുരുഷന്‍മാരെയും സംബന്ധിച്ച് ശബരിമല വളരെ വൈകാരികമായ വിഷമാണെന്നാണ് തന്റെ പാര്‍ട്ടി കരുതുന്നത്. കേരളത്തിലെ സ്ത്രീകള്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയുടെ നിലപാടിനെ പിന്തുണക്കുന്നു. ഈ വിഷയത്തില്‍ പാര്‍ട്ടിയും താനും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ട്. പാര്‍ട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാല്‍ അവരുടെ ആഗ്രഹത്തിന് വഴങ്ങണമെന്നും രാഹുല്‍ പറഞ്ഞു.

മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.