വിംബിള്‍ഡണ്‍: ചന്നം പിന്നം പെയ്യുന്ന മഴയാണ് വിംബിള്‍ഡണ്‍ ടെന്നിസിന്റെ സൗന്ദര്യം. മഴയെ ശപിക്കാതെ, കൂട ചൂടി കളി ആസ്വദിക്കാനാണ് മാന്യന്മാാരയ ഇംഗ്ലീഷ് കാണികള്‍ക്ക് താല്‍പ്പര്യവും. ഇന്നലെ വിംബിള്‍ഡണ്‍ ആദ്യ ദിവസമായിരുന്നു. തുടക്കത്തില്‍ പ്രകാശപൂരിതമായ ആകാശം പെട്ടെന്ന് കാര്‍മേഘാവൃതമായപ്പോള്‍ ഇംഗ്ലീഷുകാര്‍ക്ക് ചെറിയ നിരാശ. കാരണം മൈതാനത്ത് കളിക്കുന്നത് അവരുടെ പ്രിയപ്പെട്ട താരം ആന്ദ്രെ മുറെയാണ്. അലക്‌സാണ്ടര്‍ ബുള്‍ബിക്കിനെതിരായ മല്‍സരത്തില്‍ 6-1, 6-4, 1-0 എന്ന നിലയില്‍ സ്വന്തം താരം മുന്നിട്ട് നില്‍ക്കുമ്പോഴായിരുന്നു മഴയുടെ വരവ്. അര മണിക്കൂര്‍ തടസത്തിന് ശേഷം ആകാശം തെളിഞ്ഞപ്പോള്‍ ആരാധകരുടെ മനം പോലെ മുറെ ജയിച്ചു കയറി. വനിതാ പോരാട്ടത്തില്‍ അമേരിക്കയുടെ പ്രിയതാരം വീനസ് വില്ല്യംസിന്റെ ആദ്യ റൗണ്ട് പോരാട്ടത്തിനും മഴ വിലങ്ങായി. മഴ മാറിയപ്പോള്‍ വീനസ് തിരിച്ചുവന്നതാവട്ടെ ജയത്തിലേക്ക്. തോല്‍പ്പിച്ചത് മെര്‍ടെന്‍സിനെ. നിക് കിര്‍ഗോയിസ് പരുക്ക് കാരണം ആദ്യ റൗണ്ടില്‍ തന്നെ പിന്മാറി. ഇംഗ്ലീഷുകാരുടെ മറ്റൊരു താരം ലൗറ റോബ്‌സണ്‍ ആദ്യ റൗണ്ടില്‍ തന്നെ മടങ്ങി. ഹദ്ദാദ് മായയുമായുള്ള പോരാട്ടത്തില്‍ ലൗറ തോറ്റത് 4-6,2-6 എന്ന സ്‌ക്കോറിന്.