രാജ്‌കോട്ട്: ആറുമാസം ബന്ധുക്കള്‍ ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ട യുവതി മരിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം നടന്നത്. അല്‍പ സെജ്പാല്‍ എന്ന 25കാരിയാണ് മരിച്ചത്. അല്‍പയെ സാതി സേവാ ഗ്രൂപ്പ് എന്ന എന്‍ജിഒ സംഘടന രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

സി എ വിദ്യാര്‍ത്ഥിനിയായിരുന്ന അല്‍പയെ കഴിഞ്ഞ ആറുമാസമായി വീട്ടുകാര്‍ പൂട്ടിയിട്ടിരിക്കുയായിരുന്നു. ആവശ്യത്തിന് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നില്ല. കഴിഞ്ഞ എട്ടുദിവസമായി യുവതി മുഴുപ്പട്ടിണിയായിരുന്നു.ഇതോടെ അല്‍പ അബോധാവസ്ഥയിലായി. അയല്‍വാസികളാണ് എന്‍ജിഒ പ്രവര്‍ത്തകരെ വിവരമറിയിച്ചത്. പൊലീസും എന്‍ജിഒ പ്രവര്‍ത്തകരും ചേര്‍ന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

പൊലീസിനെയും സന്നദ്ധ പ്രവര്‍ത്തകരെയും വീട്ടുകാര്‍ ആദ്യം വീട്ടില്‍ പ്രവേശിപ്പിച്ചില്ല. പിന്നീട് ബലംപ്രയോഗിച്ചാണ് പൊലീസ് മുറി തുറന്നത്. വായിലൂടെ നുര വന്ന് അബോധാവസ്ഥയിയായിരുന്നു പെണ്‍കുട്ടി. അല്‍പയെ വീട്ടുകാര്‍ മൂത്രം കുടിപ്പിച്ചിരുന്നായി പൊലീസ് പറയുന്നു. മതവിശ്വാസത്തിന്റെ പേരിലാണ് പെണ്‍കുട്ടിയോട് വീട്ടുകാര്‍ ഈ ക്രൂരത ചെയ്തത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.