കാസര്‍ക്കോട്: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ബംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതിനെ തുടര്‍ന്ന് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീട്ടില്‍ റെയ്ഡ് നടന്നത് സിപിഎം ജീര്‍ണതയുടെ ഫലമെന്ന് ചെന്നിത്തല പറഞ്ഞു

ബിനീഷ് കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ ഉണ്ടാക്കിയത് പാര്‍ട്ടിയും സര്‍ക്കാരും അറിയാതെയാണോ എന്നതില്‍ സംശയമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാതെ കോടിയേരി ബാലകൃഷ്ണന്‍ രാജിവക്കണം. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

അതേ സമയം ബിനീഷ് കോടിയേരിയുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ ഇഡി പരിശോധന നടത്തുന്നുണ്ട്. ബംഗളൂരുവില്‍ നിന്നുള്ള സംഘം തിരുവനന്തപുരത്തും കണ്ണൂരിലുമാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം കാര്‍ പാലസ്, ടോറസ് റെമഡീസ് എന്നീ സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നു. ബിനീഷിന്റെ ബെനാമി സ്ഥാപനമാണ് കാര്‍പാലസെന്ന് ഇഡി. സിആര്‍പിഎഫ്, കര്‍ണാടക പൊലീസ് എന്നിവയുടെ അകമ്പടിയോടെയാണ് പരിശോധന.