കൊല്ലം: കൊട്ടിയത്ത് വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്തതിനു പിന്നില്‍ കാമുകനില്‍ നിന്നേറ്റ പീഡനങ്ങള്‍. പത്തു വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ വിവാഹനിശ്ചയം വരെ നീണ്ട ബന്ധം ഇല്ലാതായതാണ് യുവതിയെ തളര്‍ത്തിയത്. ഇതിന്റെ മാനസിക ആഘാതം മൂലമാണ് 24കാരിയായ റംസി ആത്മഹത്യ ചെയ്തത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. മരണത്തിന് മുമ്പ് പ്രതിശ്രുത വരന്‍ ഹാരിസിന്റെ ഉമ്മയോട്, ഹാരിസ് കൂടെയില്ലെങ്കില്‍ താന്‍ പോകുമെന്ന് ഇവര്‍ പറഞ്ഞിരുന്നു.

യുവതി ഗര്‍ഭച്ഛിദ്രത്തിനു വിധേയയായി എന്നും മനോരമ ഓണ്‍ലൈന്‍ ബന്ധുക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. എറണാകുളത്തേക്കാണ് ഗര്‍ഭച്ഛിദ്രത്തിനായി യുവതിയെ കൊണ്ടുപോയത്. സീരിയല്‍ നടി കൂടിയായ ഹാരിസിന്റെ സഹോദര ഭാര്യയാണ് റംസിക്കൊപ്പം പോയത്. ഇതിനായി ഒരു മഹല്ല് കമ്മിറ്റിയുടെ വ്യാജരേഖയും ഹാരിസ് ഉണ്ടാക്കിയിരുന്നു. പ്ലസ് ടു കഴിഞ്ഞ് പള്ളിമുക്കിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ പഠിക്കാന്‍ പോകുന്ന കാലത്താണ് ഹാരിസ് റംസിയുമായി പരിചയപ്പെടുന്നതും പിന്നീട് ബന്ധം പ്രണയമായി വളരുന്നതും.

ഹാരിസ് വേറൊരു വിവാഹം കഴിക്കാന്‍ ആലോചിച്ചിരുന്നു. ഇക്കാര്യം റംസിക്ക് അറിയാമായിരുന്നു. ആ പെണ്‍കുട്ടിയോട് എല്ലാ കാര്യവും തുറന്നു പറയണമെന്നും നിങ്ങളുടെ ജീവിതത്തില്‍ ഒരു ശല്യമായി ഉണ്ടാകില്ല എന്നും റംസി ഹാരിസിനോട് പറയുന്ന ഫോണ്‍ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ ഹാരിസിനെ പൊലീസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ചയാണ് 24കാരിയായ യുവതിയെ കൊട്ടിയം കൊട്ടുമ്പുറം പള്ളിക്കു സമീപത്തെ വാടക വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ അനുജത്തിയുടെ കുഞ്ഞിനു വേണ്ടി കെട്ടിയ തൊട്ടില്‍ക്കയറിലാണ് ഇവര്‍ ജീവനൊടുക്കിയത്. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തില്‍ നിന്നു യുവാവ് പിന്‍മാറിയതാണെന്നു റംസിയുടെ പിതാവ് റഹീം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പൊലീസ് രക്ഷിതാക്കളുടെയും റംസിയുടെ സഹോദരിയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. റംസിയും ഹാരിസും തമ്മിലുള്ള ഫോണ്‍ കോള്‍ രേഖകളും പരിശോധിച്ചു.

വിവാഹത്തിന് മുമ്പായുള്ള വളയിടല്‍ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത് റംസിയയെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. പലപ്പോഴായി റംസിയുടെ കുടുംബത്തില്‍ നിന്ന് ഇയാള്‍ അഞ്ച് ലക്ഷത്തോളം രൂപ കൈപറ്റിയിരുന്നതായും അടുത്തിടെ മറ്റൊരു വിവാഹത്തിനു തയാറെടുത്തിരുന്നതായും വീട്ടുകാര്‍ ആരോപിക്കുന്നു.