നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി രമ്യാ നമ്പീശന്‍. നടി ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്ന് രമ്യ പറഞ്ഞു. നടിയെ ആക്രമിച്ച സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവും ക്രൂരമായ നടപടിയുമാണ്. അത്തരം കുറ്റകൃത്യം ചെയ്യുകയെന്ന തോന്നല്‍ പോലും ആരിലും ഉണ്ടാകാത്ത രീതിയിലാകണം പ്രതികള്‍ക്കുള്ള ശിക്ഷയെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു. രമ്യ പാടിയ പുതിയ ഗാനത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം. നേരത്തേയും ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ്ണ പിന്തുണയുമായി രമ്യ രംഗത്തുണ്ടായിരുന്നു.

പുരുഷവിരോധമുള്ള സംഘടനയല്ല വിമന്‍ ഇന്‍ കളക്ടീവ്. സിനിമാമേഖലയില്‍ സ്ത്രീകള്‍ക്ക് പേടികൂടാതെ ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ക്രൂരമായാണ് നടി ആക്രമിക്കപ്പെട്ടത്. ഇനിയാരും ഇത്തരത്തില്‍ ചിന്തിക്കാത്ത തരത്തിലുള്ള ശിക്ഷ നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും രമ്യ പറഞ്ഞു. വിമന്‍ ഇന്‍ കള്ക്ടീവിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാകും. പിന്നാലെ അംഗത്വ വിതരണം നല്‍കും. ക്യാമ്പെയ്‌ന് ശേഷം വിപുലമായ പദ്ധതികളാണ് സംഘടന ആലോചിക്കുന്നതെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

നേരത്തേയും നിരവധി സിനിമകളില്‍ രമ്യ പാടിയിരുന്നു. രമ്യ അഭിനയിച്ച സത്യയിലെ യവ്വനാ എന്ന ഗാനത്തിനാണ് രമ്യയും സംഘവും കവര്‍പതിപ്പൊരുക്കിയിരിക്കുന്നത്. യാസിര്‍ നിസാറും താരത്തിനൊപ്പം പാടിയിട്ടുണ്ട്.

watch song