മുംബൈ: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച വിധി പറയും. പരാതി കെട്ടിച്ചമച്ചതാണെന്ന് ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചു. പരാതിക്കാരി മുമ്പും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചു. മുംബൈ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് ഹര്‍ജി പരിഗണിച്ചത്. ജാമ്യം നേടി അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഒഴിവാക്കാനാണ് ബിനോയിയുടെ ശ്രമം.

ഇതിനിടെ ബിനോയ് കോടിയേരിയെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കം വേഗത്തിലാക്കി മുംബൈ പൊലീസ്. ബിനോയിക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കും. ബിനോയ് കോടിയേരി വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ മുംബൈ പൊലീസ് തയ്യാറെടുക്കുന്നത്. ഗുരുതര വകുപ്പുകള്‍ ചുമത്തിയതിനാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സാധ്യതയില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.