റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ മൂന്നു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ മുപ്പത്തിയഞ്ചു വയസുകാരന്‍ അറസ്റ്റില്‍. ബലാത്സംഗക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയായിരുന്ന ഇയാള്‍ പരോളില്‍ ഇറങ്ങിയപ്പോഴാണ് മൂന്നു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നത്.

ഡിസംബര്‍ മുപ്പതിന് രാത്രിയില്‍ പെന്നിലെ ആദിവാസി മേഖലയില്‍ ആയിരുന്നു സംഭവം. ആദേഷ് പാട്ടീല്‍ എന്നയാളാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്. ബലാത്സംഗ കേസില്‍ അറസ്റ്റിലായ ഇയാള്‍ പത്തു ദിവസം മുമ്പാണ് പരോളിന് ഇറങ്ങിയത്. ഭവനഭേദനം, മോഷണം, ആക്രമണം തുടങ്ങിയ കേസുകളും ഇയാള്‍ക്ക് എതിരെയുണ്ട്.

കുടിലിന് സമീപം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ പാട്ടീല്‍ എടുത്തുകൊണ്ട് സ്‌കൂളിനു പിറകിലെ വനമേഖലയിലേക്ക് പോകുകയും അവിടെ വച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. കുടിലിന് വാതിലുകള്‍ ഉണ്ടായിരുന്നില്ല. ബലാത്സംഗം ചെയ്തതിനു ശേഷം ഇയാള്‍ പെണ്‍കുട്ടിയെ കൊല്ലുകയും ചെയ്തു. കുഞ്ഞിന്റെ മൃതദേഹം കുടിലിന് സമീപം വയ്ക്കാന്‍ വേണ്ടി ഇയാള്‍ എത്തിയപ്പോള്‍ കുഞ്ഞിന്റെ മുത്തശ്ശി പ്രതിയെ കാണുകയും ബഹളം വെയ്ക്കുകയുമായിരുന്നു.

മുത്തശ്ശി ബഹളമുണ്ടാക്കിയെങ്കിലും അപ്പോഴേക്കും പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. അപ്പോള്‍ തന്നെ പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയും മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ പിടികൂടുകയും ആയിരുന്നു.