ജോധ്പുര്‍: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ അധ്യാപകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ ഷേര്‍ഗഢ് സബ് ഡിവിഷനിലെ സര്‍ക്കാര്‍ സ്‌കൂളില്‍നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത. കുട്ടിയെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാക്കിയപ്പോഴാണ് നടുക്കുന്ന പീഡനവിവരം പുറത്തുവരുന്നത്. പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്നും കണ്ടെത്തി. മൊകാംഗഢ് മേഖലയിലെ സര്‍ക്കാര്‍ യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപകന്‍ പീഡിപ്പിച്ചത്.

13 വയസ് പ്രായമുള്ള കുട്ടിയെ പലതവണ അധ്യാപകന്‍ പീഡനത്തിന് ഇരയാക്കി. കുട്ടി എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാര്‍ച്ച് മാസത്തില്‍ സുരജറാം എന്ന അധ്യാപകന്‍ നാല് തവണ പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍വെച്ച് ബലാല്‍സംഗത്തിനിരയാക്കിയെന്നും മറ്റൊരു അധ്യാപകനായ സഹിറാം ഇതിന് കാവല്‍ നില്‍ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഇവര്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. രണ്ട് അധ്യാപകരും ഇപ്പോള്‍ ഒളിവിലാണ്.