സിഡ്‌നി: ഫീല്‍ഡിംഗില്‍ തിളങ്ങി വീണ്ടും ജഡേജ. ഓസ്‌ട്രേലിക്കെതിരായ മൂന്നാം ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിനെ ജഡേജയുടെ മിന്നല്‍ ത്രോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. മികച്ച ഫോമിലുള്ള സ്മിത്തിനെ ദുര്‍ഘടമായ ആംഗിളില്‍ നിന്ന് ഡയറക്ട് ഹിറ്റിലൂടെയാണ് ജഡേജ പുറത്താക്കിയത്. 131 റണ്‍സെടുത്ത സ്മിത്ത് പുറത്തായതോടെ ഓസ്‌ട്രേലിയ 338 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.

നേരത്തെയും മിന്നല്‍ ത്രോയിലൂടെ ജഡേജ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. സിഡ്‌നിയിലെ ജഡ്ഡുത്രോയെ പുകഴ്ത്തി കമന്‍ഡേറ്റര്‍ സഞ്ജയ് മഞ്ജരേക്കറും രംഗത്തെത്തി. പ്രത്യക്ഷത്തില്‍ അസാധ്യമെന്നുതോന്നിച്ച ആ റണ്ണൗട്ട് യാഥാര്‍ത്ഥ്യമാക്കാന്‍ ജഡേജയ്ക്ക് മാത്രമേ സാധ്യമാകൂ എന്ന് അദ്ദേഹം ട്വിറ്ററില്‍കുറിച്ചു. മുന്‍പ് ജഡേജയെ വിമര്‍ശിച്ചതിലൂടെ ശ്രദ്ധേയനായ മഞ്ജറേക്കറിന്റെ ഈ പരാമര്‍ശവും സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

ഫീല്‍ഡിംഗിന് പുറമെ ബൗളിംഗിലും തിളങ്ങിയ ജഡേജ 18ഓവറില്‍ 62റണ്‍സ് വഴങ്ങി നാല് വിക്കറ്റും നേടി.