ന്യൂയോര്‍ക്ക്: പ്രീസീസണ്‍ ടൂര്‍ണമെന്റായ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ കരുത്തരായ ബാര്‍സലോണക്ക് വന്‍ തോല്‍വി. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ തങ്ങളെ ഞെട്ടിച്ച എ.എസ് റോമയോട് രണ്ടിനെതിരെ നാലു ഗോളിനാണ് ഏണസ്റ്റോ വല്‍വെര്‍ദെയുടെ സംഘം തോല്‍വിയറിഞ്ഞത്.

ആറാം മിനുട്ടില്‍ റഫിഞ്ഞയിലൂടെ ബാര്‍സയാണ് ആദ്യം മുന്നിലെത്തിയത്. 35-ാം മിനുട്ടില്‍ സ്റ്റീഫന്‍ എല്‍ ഷറാവി ഇറ്റാലിയന്‍ സംഘത്തെ ഒപ്പമെത്തിച്ചു. 49-ാം മിനുട്ടില്‍ മാല്‍ക്കത്തിലൂടെ സ്പാനിഷ് ചാമ്പ്യമാര്‍ വീണ്ടും മുന്നിലെത്തി. എന്നാല്‍ അലസ്സാന്ദ്രോ ഫ്‌ളോറന്‍സി (78), ബ്രയാന്‍ ക്രിസ്റ്റന്റെ (83), ഡീഗോ പെറോട്ടി (86 പെനാല്‍ട്ടി) എന്നിവര്‍ റോമക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

പ്രീസീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ റയല്‍ മാഡ്രിഡ് തോല്‍വിയറിഞ്ഞു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആണ് ഒന്നിനെതിരെ രണ്ടു ഗോളിനാണ് യൂറോപ്യന്‍ ചാമ്പ്യമാരെ കീഴടക്കിയത്. അലക്‌സിസ് സാഞ്ചസ്, ആന്ദര്‍ ഹെറേറ എന്നിവര്‍ മാഞ്ചസ്റ്ററിന്റെ ഗോളുകള്‍ നേടിയപ്പോള്‍ കരീം ബെന്‍സേമ റയലിന്റെ ആശ്വാസഗോള്‍ നേടി.മറ്റൊരു മത്സരത്തില്‍ ടോട്ടനം ഹോട്‌സ്പര്‍ ഏക ഗോളിന് എ.സി മിലാനെ കീഴടക്കി.