സെന്‍പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പില്‍ അര്‍ജന്റീനയുടെ ജീവന്‍ മരണ പോരാട്ടമായിരുന്നു നൈജീരിയക്കെതിരായ മത്സരം. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് ഭിന്നമായി മികച്ച പ്രകടനം പുറത്തെടുത്തു എന്നതായിരുന്നു ഈ മത്സരത്തിന്റെ പ്രത്യേകത. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് ഭിന്നമായി മത്സരത്തിന്റെ തുടക്കം മുതല്‍ ഉജ്ജ്വലമായി കളിച്ച മെസ്സി പതിനാലാം മിനിറ്റില്‍ മനോഹരമായ ഗോളിലൂടെ അര്‍ജന്റീനയെ മുന്നിലെത്തിക്കുകയും ചെയ്തു. മത്സരത്തില്‍ മെസ്സിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഫുട്‌ബോള്‍ ലോകം ആവേശത്തോടെയാണ് സ്വീകരിച്ചത്.

മത്സരത്തിന് ശേഷം നടന്ന മറ്റൊരു സംഭവമാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. മത്സരത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ മെസ്സിക്ക് നല്‍കിയ ഒരു സമ്മാനത്തെക്കുറിച്ച് ഓര്‍മിപ്പിച്ചത്. അര്‍ജന്റീന ഐസ്‌ലാന്‍ഡിനോട് സമനില വഴങ്ങിയ ജൂലൈ 16-നായിരുന്നു ഒരു ചുവന്ന ചരട് സമ്മാനമായി മാധ്യമപ്രവര്‍ത്തകന്‍ മെസ്സിക്ക് നല്‍കിയത്. എന്നിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. ‘ഇത് ഒരു മന്ത്രച്ചരടാണ്. അമ്മ നിങ്ങള്‍ക്ക് തരാന്‍ എല്‍പിച്ചതാണ്. അവര്‍ക്ക് എന്നെക്കാള്‍ ഇഷ്ടം ലോകത്ത് നിങ്ങളോടാണ്. അതുകൊണ്ട് ഇത് നഷ്ടപ്പെടുത്തരുത്’.

ആ ചരട് ഇപ്പോഴും കൈവശമുണ്ടെയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഒരു ചെറുപുഞ്ചിരിയോടെ മെസ്സി ആ ചരട് കെട്ടിയ കാലുകള്‍ ഉയര്‍ത്തിക്കാണിച്ചു. ഒരു സാധാരണ ആരാധികയുടെ സ്‌നേഹം തന്റെ ഹൃദയത്തോട് ചേര്‍ത്തുവെച്ച മെസ്സിയെ കുറിച്ചാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ച.