രാജ്യത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെ പോപ്പ് താരം റിഹാനയുടെ മതം അന്വേഷിച്ച് ഇന്ത്യക്കാര്‍. ഗൂഗിള്‍ സെര്‍ച്ചിലാണ്‌ റിഹാനയെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യയില്‍ നിന്ന് കൂടുതലായി തേടുന്നത്. പോപ്പ് താരം മുസ്‌ലിമാണോ എന്നതാണ് കൂടുതല്‍ പേര്‍ക്കും അറിയേണ്ടത്.

റിഹാനയുടെ നാട്, തൊഴില്‍ രംഗം അടക്കമുള്ള എല്ലാ കാര്യങ്ങളുടെയും അന്വേഷണമാണ് ഇന്ത്യയില്‍ നിന്ന് വര്‍ധിച്ചത്.

നേരത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് താരം രംഗത്തെത്തിയിരുന്നു. ഇതേ കുറിച്ചുള്ള സിഎന്‍എന്‍ വാര്‍ത്ത പങ്കുവച്ചു കൊണ്ട് എന്തുകൊണ്ട് നാം ഇതേ കുറിച്ച് സംസാരിക്കുന്നില്ലെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ ഇന്ത്യയിലെ കര്‍ഷക സമരത്തെ കുറിച്ചുള്ള ഹാഷ്ടാഗ് യുഎസ് ട്വിറ്ററിലും ട്രെന്റിങ്ങായി. 101 മില്യണ്‍ ആളുകളാണ് ട്വിറ്ററില്‍ റിഹാനയെ ഫോളോ ചെയ്യുന്നത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോ ചെയ്യുന്ന നാലാമത്തെ വ്യക്തിയാണ്.