കോഴിക്കോട്: ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് പക്ഷത്തിന്റെ വോട്ട് തനിക്ക് കിട്ടിയെന്ന് കോഴിക്കോട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രകാശ് ബാബു. ഇടതു സ്ഥാനാര്‍ഥി എ.പ്രദീപ്കുമാറിനോട് റിയാസ് അനുകൂലികള്‍ക്ക് കടുത്ത വിരോധം നിലനില്‍ക്കുന്നതിനിടെയാണ് ഇടതുപക്ഷ വോട്ടുകള്‍ ലഭിച്ചെന്ന വാദവുമായി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പ്രകാശ് ബാബു രംഗത്തു വന്നിരിക്കുന്നത്.

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ട് മുഹമ്മദ് റിയാസ് മത്സരിച്ചപ്പോള്‍ തോല്‍പിക്കാന്‍ വേണ്ടി വി.എസ് അനുയായിയായ പ്രദീപ്കുമാര്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നുവെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. അന്നു റിയാസിനെ എതിരിട്ട യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ ജയിച്ചു എം.പിയായി. ഇതിനുള്ള പകരം വീട്ടല്‍ എന്നോണമാണ് റിയാസ് പക്ഷക്കാരുടെ വോട്ടുകള്‍ തനിക്കു ലഭിച്ചതെന്ന് പ്രകാശ് ബാബു പറയുന്നു. റിയാസിന്റെ അടുപ്പക്കാരായ ചില ആളുകള്‍ തന്നെ നേരില്‍ വന്നു കണ്ടുവെന്നും സഹായം വാഗ്ദാനം ചെയ്തുവെന്നും പ്രകാശ് ബാബു വെളിപ്പെടുത്തി. ഞാന്‍ പിന്നീട് അവരെ പോയി കണ്ടുവെന്നും അവരുടെ വോട്ടുകള്‍ കൃത്യമായി താമര ചിഹ്നത്തില്‍ വീണിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.