മെല്‍ബണ്‍: പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി റോജര്‍ ഫെഡറര്‍ മാരിന്‍ സിലിക്കിനെ തോല്‍പ്പിച്ച് കരിയറിലെ ഇരുപതാം ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കി. 36ാം വയസ്സില്‍ ക്രൊയേഷ്യന്‍ താരം മരിയന്‍ സിലിച്ചുയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച് കൊണ്ടാണ് ഫെഡറര്‍ മെല്‍ബണില്‍ ചരിത്ര നേട്ടം തന്റെ പേരില്‍ കുറിച്ചത്.

അഞ്ചു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡററുടെ വിജയം. സ്വിസ് താരത്തിന്റെ കരിയറിലെ 20ാം ഗ്രാന്‍സ്ലാം കിരീടവും ആറാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവുമാണിത്. സ്‌കോര്‍: 62.67, 63,36,61.

ആദ്യ സെറ്റ് വെറും 24 മിനുറ്റില്‍ 62ന് ഫെഡറര്‍ സ്വന്തമാക്കിയപ്പോള്‍ തികച്ചും ഏകപക്ഷീയമായ മത്സരമാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ ക്രൊയേഷ്യക്കാരന്‍ അങ്ങനെ എളുപ്പത്തില്‍ തോറ്റുകൊടുക്കാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നു. ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റ് 76ന് സിലിക് വരുതിയിലാക്കി. എന്നാല്‍ മൂന്നാം സെറ്റില്‍(63) ഫെഡററുടെ മേധാവിത്വമാണ് കണ്ടത്.

 


നാലാം സെറ്റില്‍ താളം വീണ്ടെടുത്ത സിലിക് വീണ്ടും തിരിച്ചടിച്ചു. ഫെഡറര്‍ മൂന്നാം സെറ്റ് നേടിയ അതേ സ്‌കോറിനായിരുന്നു (36) സിലിക് നാലാം സെറ്റ് സ്വന്തമാക്കിയത്. എന്നാല്‍ അഞ്ചാം സെറ്റില്‍ ഫെഡററുടെ അപ്രമാദിത്വമാണ് കണ്ടത്. 61ന് തികച്ചും ഏകപക്ഷീയമായി സെറ്റും കിരീടവും സ്വന്തമാക്കി ഫെഡറര്‍ ആധുനിക ടെന്നീസിലെ പകരം വെക്കാനില്ലാത്ത താരമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.

 


ഗ്രാന്‍സ്ലാമില്‍ ഇരുപതോ അതില്‍ കൂടുതലോ സിംഗിള്‍സ് കിരീടം നേടുന്ന നാലാമത്തെ താരമെന്ന റെക്കോഡും ഫെഡറര്‍ അക്കൗണ്ടിലെത്തിച്ചു. മാര്‍ഗരറ്റ് കോര്‍ട്ട്, സെറീന വില്ല്യംസ്, സ്‌റ്റെഫി ഗ്രാഫ് എന്നിവരാണ് മുപ്പത്തിയാറുകാരനായ ഫെഡറര്‍ക്ക് മുമ്പ ഈ നേട്ടം കൈവരിച്ചത്.