ലണ്ടന്‍: ഓപ്പണ്‍, അമച്ച്വര്‍ കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുന്ന താരമെന്ന ബഹുമതിയോടെ സെന്റര്‍ കോര്‍ട്ടിലെ പുല്‍ത്തകിടിയില്‍ ചരിത്രം കുറിച്ച് സ്വിസ് മാന്ത്രികന്‍ റോജര്‍ ഫെഡറര്‍. പുരുഷവിഭാഗം ഫൈനലില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നിലവിലെ ലോക അഞ്ചാം നമ്പര്‍ താരമായ ഫെഡറര്‍ തന്റെ എട്ടാമത്തെ വിംബിള്‍ഡണ്‍ കിരിടം സ്വന്തമാക്കിയത്്. സ്‌കോര്‍: 63, 61, 64.

ഓപ്പണ്‍ കാലത്തെ പീറ്റ് സാം പ്രസിന്റെയും അമച്ച്വര്‍ കാലത്തെ വില്ല്യം റെന്‍ഷോയുടെയും റെക്കോഡുകളാണ് ഫെഡ് എക്‌സ്പ്രസ് പഴങ്കഥയാക്കിയത്. ഇരുവര്‍ക്കും ഏഴ് കിരീടങ്ങള്‍ വീതമായിരുന്നു ഉണ്ടായിരുന്നത്. 2003, 2004, 2005, 2006, 2007, 2009, 2012 വര്‍ഷങ്ങളിലായിരുന്നു ഇതിന് മുന്‍പ് ഫെഡറര്‍ വിംബിള്‍ഡണ്‍ നേടിയത്. 2014 നു ശേഷം ഒരു ഗ്രാന്‍സ്ലാം ഫൈനലിലും തോറ്റിട്ടില്ല എന്ന റെക്കോഡും ഫെഡറര്‍ ഭദ്രമായി കാത്തു സൂക്ഷിച്ചു.

വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന റെക്കോഡും 35 വയസ്സുള്ള ഫെഡറര്‍ സ്വന്തമാക്കി. 1975 ല്‍ 32ാമത്തെ വയസ്സില്‍ കിരീടം നേടിയ ആര്‍തര്‍ ഷെയുടെ റെക്കോഡാണ് ഫെഡറര്‍ തകര്‍ത്തത്.

 

പുരുഷ ടെന്നിസില്‍ ഇതിഹാസ പദവിയുള്ള ഫെഡററുടെ പത്തൊന്‍പതാം ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടമാണിത്. അഞ്ച് തവണ വീതം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയിട്ടുള്ള ഫെഡറര്‍ക്ക് റാഫേല്‍ നദാലിന്റെ സ്വപ്ന ലോകമായ ഫ്രഞ്ച് ഓപ്പണില്‍ ഒരിക്കല്‍ മാത്രമാണ് കിരീടം നേടാനായത്.

2012 മുതല്‍ കിരീടവരള്‍ച്ച നേരിട്ട് കരിയറിന്റെ വാലറ്റത്തെത്തി എന്ന് പ്രവചിക്കപ്പെട്ട ഫെഡറര്‍ ഈ സീസണിലെ ആദ്യ ഗ്രാന്‍സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിക്കൊണ്ടാണ് തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.

ചരിത്രത്തില്‍ ആദ്യമായി വിംബിള്‍ഡണ്‍ ഫൈനല്‍ കളിക്കുന്ന ആറാം നമ്പറായ സിലിച്ചിന് ഒരേയൊരു ഗ്രാന്‍സ്ലാം കിരീടമാണ് ഉള്ളത്. ഫൈനലില്‍ ഫെഡറര്‍ക്കൊത്ത എതിരാളിയാവാനും കഴിഞ്ഞില്ല.