ബെംഗളൂരു: പ്രധാനമന്ത്രി മോദി ആര്‍.എസ്.എസ് പഠിപ്പിച്ചു കൊടുക്കുന്ന കളവുകള്‍ മാത്രം പറയുന്ന ആളായി മാറിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് അഴിമതിയും അക്രമവും പെരുകുമ്പോള്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. നിക്കര്‍ ധരിച്ച് വടിയും പിടിച്ച് അസത്യം പറയാന്‍ ആര്‍.എസ്.എസ് ആണ് മോദിയെ പഠിപ്പിച്ചതെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ജനങ്ങളുടെ പണവുമായി നിരവ് മോദി കടന്നുകളഞ്ഞിട്ടും രാജ്യത്ത് ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. സി.ബി.എസ്.ഇ ചോദ്യക്കടലാസ് ചോര്‍ന്നിട്ടും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി ചോര്‍ന്നിട്ടും മോദിക്ക് ഒന്നും പറയാനില്ല. തര്‍ക്കഭൂമിയായ ദോക്‌ലാമില്‍ ചൈന റോഡുകളും വിമാനത്താവളവും നിര്‍മിക്കുമ്പോള്‍ മോദി പാട്ടുപാടിക്കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പരിഹസിച്ചു.