പത്തനംതിട്ട: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ വൈകീട്ട് അഞ്ച് മണി്ക്ക് തുറക്കാനിരിക്കെ ഇന്ന് അര്‍ധരാത്രി മുതല്‍ ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നവംബര്‍ 22 വരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുക. ജില്ലാ കലക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തീര്‍ത്ഥാടകര്‍ക്കും വാഹനങ്ങള്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഡി.ഐ.ജി മുതല്‍ അഡീഷണല്‍ ഡി.ജി.പി വരെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ 12,259 പൊലീസുകാരെയാണ് തീര്‍ഥാടന കാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുള്ളതെന്നും ഡി.ജി.പി വ്യക്തമാക്കി.