ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന സ്വാമി അഗ്‌നിവേശിന്റെ നിര്യാണത്തിലൂടെ രാജ്യത്തിന് നഷ്ടമായത് സാമൂഹ്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി പൊരുതിയ സന്യാസിവര്യനെയാണ്. നിലപാടിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുകയും വാക്കുകളില്‍ അഗ്‌നി വമിപ്പിക്കുകയും ഇരുട്ടിനെതിരെ നിരന്തരം പ്രകാശം പരത്തുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം യാത്രയായിരിക്കുന്നത്.

ജനങ്ങള്‍ കണ്ടുശീലിച്ച രീതിയിലുള്ള സന്യാസിയല്ല താനെന്ന് അഗ്‌നിവേശ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പ്രപഞ്ചത്തെ മുഴുവനായും അതിലെ സര്‍വചരാചരങ്ങളെയും ഉള്‍ക്കൊള്ളുന്ന സങ്കല്‍പ്പമായിരുന്നു അദ്ദേഹത്തിന്റേത്. മാനവികതയായിരുന്നു അദ്ദേഹത്തിന്റെ മതം. അതില്‍ ഏതെങ്കിലും ഒരു മതത്തിന് പ്രാധാന്യമുണ്ടായിരുന്നില്ല. എല്ലാവരെയും ഒരുപോലെ കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വേദങ്ങളുടെ ആധ്യാത്മിക സാരമായിരുന്നു തന്റെ ജീവിതത്തിലേക്കും പകര്‍ത്താന്‍ ശ്രമിച്ചത്. സിഖ് കലാപത്തെതുടര്‍ന്ന് നിരപരാധികള്‍ വേട്ടയാടപ്പെട്ടപ്പോള്‍ തെരുവിലേക്കിറങ്ങി അക്രമം അവസാനിപ്പിക്കൂവെന്ന് ഉറക്കെ വിളിച്ചുപറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് അതുകൊണ്ടാണ്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും മര്‍ദ്ദിതര്‍ക്കുംവേണ്ടി നിലകൊണ്ട അദ്ദേഹം പെണ്‍ ഭ്രൂണഹത്യമുതല്‍ ബാലവേല വരെ നീളുന്ന സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരെ പോരാടി.

തീവ്ര ഹിന്ദുത്വത്തിനെതിരെ നടത്തിയ ഇടപെടലുകള്‍ രാജ്യത്തെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തിന് കരുത്തുപകര്‍ന്നു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും ജാതി വിരുദ്ധ സമരങ്ങളിലും തൊഴില്‍ സമരങ്ങളിലും മുന്നിട്ടിറങ്ങിയ അദ്ദേഹം പൗരത്വ വിഷയത്തില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ അതിശക്തമായ നിലപാടെടുത്തവരില്‍ പ്രമുഖനാണ്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വെറുപ്പും വിദ്വേഷവും പടര്‍ത്തുന്നതിനുമെതിരെ അദ്ദേഹം ശബ്ദിച്ചു. മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ പലപ്പോഴും രൂക്ഷമായ പ്രതികരണങ്ങള്‍ തന്നെ നടത്തി. മനുഷ്യനെ കൊല്ലാന്‍ ഇവിടെ അനുമതി നല്‍കുന്നത് ഭരണകൂടമാണെന്ന് ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പ്രധാനമന്ത്രിയുടെ മൗനം ആധാരമാക്കി അദ്ദേഹം വിളിച്ചുപറഞ്ഞു. ഇന്ത്യയുടെ മതേതരത്വവും സംസ്‌കാരവും തകരുന്നതില്‍ ഏറെ ആകുലനായിരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും ന്യൂനപക്ഷവേട്ടക്കും നിയമസാധുത നല്‍കാനും അതിനെ മഹത്വവല്‍ക്കരിക്കാനും മോദി ഭരണകാലത്ത് നടക്കുന്ന ശ്രമങ്ങളെ തുറന്നെതിര്‍ത്തു.

സംഘ്പരിവാര്‍ രാഷ്ട്രീയത്തോട് സന്ധിയില്ലാതെ എതിര്‍പ്പുകള്‍ അറിയിച്ചുകൊണ്ട് തന്നെ നിലകൊണ്ടു. ഒരു ഘട്ടത്തില്‍ മോദിയുടെയും ഹിറ്റ്‌ലറുടെതും ഒരേ ഭാഷയാണെന്നും വെറുപ്പിന്റെ പൈതൃകമാണ് അവര്‍ വളര്‍ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാവി ധരിച്ചപ്പോഴും തീവ്ര ഹിന്ദുത്വത്തിനെതിരെ നിലകൊണ്ടതിന്റെ പേരില്‍ പലപ്പോഴും അദ്ദേഹത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. 20 18 ജൂലൈയില്‍ ഝാര്‍ഖണ്ഡി ല്‍ സംഘ്പരിവാര്‍ ആക്രമണത്തില്‍ ക്രൂരമായ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്.

കേരളത്തെക്കുറിച്ചും ഇവിടുത്തെ മതസൗഹാര്‍ദ്ദത്തെക്കുറിച്ചും ഏറെ അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. പൗരത്വ പ്രക്ഷോഭത്തെ തുടര്‍ന്ന് മുസ്്‌ലിം യൂത്ത്‌ലീഗിന്റെ ഷാഹിന്‍ബാഗ് സ്‌ക്വയറില്‍ നടത്തിയ പ്രസംഗം മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് അവേശം നല്‍കുന്നതായിരുന്നു. പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ വേഷം നോക്കി തിരിച്ചറിയാം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ കണ്ണൂരില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം രംഗത്തെത്തിയിരുന്നു. പരിപാടിയുടെ സംഘാടകനായിരുന്ന വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയെ തന്റെ തലപ്പാവ് ധരിപ്പിക്കുകയും അദ്ദേഹത്തിന്റെ തൊപ്പി സ്വാമി ധരിച്ചുകൊണ്ട് വേഷം നോക്കി തിരിച്ചറിയാമെങ്കില്‍ തിരിച്ചറിയൂ എന്ന പ്രഖ്യാപനം ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചിരുന്നത്. അഗ്‌നിവേശിന്റെ നിര്യാണത്തോടെ മത നിരപേക്ഷതയുടെ ശക്തമായ ഒരു ശബ്ദം കൂടിയാണ് ഇല്ലാതായത്.