കണ്ണൂര്‍:വേഷം നോക്കിതിരിച്ചറിയാമെങ്കില്‍ തിരിച്ചറിയു.പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തില്‍ സ്വാമി അഗ്നിവേശ് സംഘാടക സമിതി നേതാവ് വികെ അബ്ദുല്‍ ഖാദര്‍ മലവിയുടെ തൊപ്പി ധരിച്ച് പ്രഖ്യാപിച്ചപ്പോള്‍ ഹര്‍ശാരവത്തോടെയാണ് ജനം സ്വീകരിച്ചത്.

കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ ഫെബ്രുവരി 14ന് നടന്ന പ്രതിഷേധ മഹാസംഗമത്തിലാണ് സ്വാമി അഗ്നിവേശ് അവസാനമായി കണ്ണൂരില്‍ എത്തിയത്. പൗരത്വദേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ വേഷം നോക്കി തിരിച്ചറിയാം എന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കണ്ണൂരില്‍നടന്ന പ്രതിഷേധയോഗത്തില്‍ അതേ നാണയത്തില്‍ സ്വാമിതിരിച്ചടിച്ചത്. മുഖ്യാതിഥിയായി എത്തിയ അഗ്നിവേശ് വേദിയിലുള്ള മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ തൊപ്പി അഴിച്ച് തന്റെ തലയില്‍ വെച്ചാണ് ഇന്ത്യയുടെ മതസൗഹാര്‍ദത്തെ ഉയര്‍ത്തിക്കാട്ടിയത്. പിന്നാലെ മൗലവി അഗ്നിവേശിന്റെ തലപ്പാവും അഴിച്ച് തന്റെ തലയില്‍ വെച്ചതോടെ ജനം ഹര്‍ഷാരവം മുഴക്കി ഇതാണ് ഇന്ത്യയുടെ മഹത്വമെന്നും അഗ്നിവേശ് ഉണര്‍ത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം മുഴുവന്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് കണ്ണൂരിലും ഭരണഘടനാ സംരക്ഷണ സമിതി മഹാറാലി നടത്തിയത്. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്ന സംഘ് പരിവാര്‍ അജണ്ടകള്‍ക്കെതിരെ ജനലക്ഷങ്ങളാണ് പങ്കെടുത്തത്.

മനുഷ്യരെല്ലാം ഒരു കുടുംബത്തില്‍ നിന്നുള്ളവരാണെന്നും മതത്തിന്റെയും ഭാഷയുടെയും പേരില്‍ വിഭജിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് അന്ന് അഗ്നിവേശ് തുറന്നടിച്ചിരുന്നു.സിഎഎ, എന്‍ആര്‍സി, ഡിറ്റന്‍ഷന്‍ സെന്റര്‍ വിഷയത്തില്‍ മോദിയും അമിത് ഷായും പരസ്പരം കളവ് പറയുന്നതിനെതിരെ പ്രതിഷേധത്തിന്റെ ജ്വാല ഉയര്‍ത്തിയ സ്വാമി നിയമത്തിനെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയ കേരളത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. വിവിധ മുസ്ലിം സംഘടനാനേതാക്കളും രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളും പ്രതിഷേധസംഗമത്തില്‍ പങ്കെടുത്തിരുന്നു.