കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അതിക്രമത്തിനിരയായ സ്വാമി അഗ്നിവേശിനെ സന്ദര്‍ശിച്ചു. ജനാധിപത്യ ഇന്ത്യയില്‍ സന്യാസിവര്യന്മാര്‍ക്കു പോലും അവരുടെ സ്വതന്ത്ര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന സത്യമാണ് വയോധികനായ സ്വാമി അഗ്‌നിവേശിനെതിരെ ജാര്‍ഖണ്ഡിലുണ്ടായ ഫാഷിസ്റ്റ് ആക്രമണം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദളിതര്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ബുദ്ധിജീവികള്‍ക്കെതിരെയുമൊക്കെയുള്ള ആക്രമണ കൊലപാതക പരമ്പരകള്‍ ഇന്ന് വാര്‍ത്തയല്ലാതായിരിക്കുന്നു. അതത്രയും സംഘ്പരിവാര്‍ അജണ്ടയാണ്. എന്നാല്‍ കാഷായ വസ്ത്രം ധരിച്ച, ആശ്രമ ജീവിതം നയിക്കുന്ന, യഥാര്‍ത്ഥ ഹിന്ദു ദര്‍ശനങ്ങളുടെ ആത്മാവിനെ ലോകമെങ്ങും പ്രചരിപ്പിക്കുന്ന, മനുഷ്യ സ്‌നേഹത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന സ്വാമി അഗ്‌നിവേശിനെ പോലെയുള്ള സാത്വികരായ ഹിന്ദു മതമേലധ്യക്ഷന്മാര്‍ക്കും സംഘ്പരിവാറിന്റെ കായികാക്രമണത്തിന് വിധേയരാകേണ്ടി വരികയാണ്.ഇത് അങ്ങേയറ്റം ഗൗരവതരമാണെന്നും മുനവ്വറലി തങ്ങള്‍ ചൂണ്ടിക്കാട്ടി. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.