മലപ്പുറം: നന്‍മയുടെ രാഷ്ട്രീയത്തിന് മാതൃക കാണിച്ച് വീണ്ടും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മലപ്പുറം മുന്‍സിപ്പാലിറ്റി പാണക്കാട് നിര്‍മിക്കുന്ന പുതിയ ലൈബ്രറിക്ക് സ്വന്തം അധ്യാപകനായിരുന്ന സിപിഎം നേതാവിന്റെ പേരിടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുനവ്വറലി തങ്ങള്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായിരുന്ന തന്റെ അധ്യാപകനെ മുനവ്വറലി തങ്ങള്‍ അനുസമരിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട ഗുരുനാഥൻ;
പാണക്കാട് സി.കെ.എം.എൽ പി സ്കൂൾ ഹെഡ്മാസ്റ്ററും മാനേജറുമായിരുന്ന സഖാവ് അബ്ദുല്ല മാസ്റ്റർ വിടപറഞ്ഞു. അബ്ദുല്ല മാസ്റ്റർ കേവലം ഒരു എൽ.പി സ്കൂൾ അധ്യാപകൻ എന്നതിലുപരി ഇന്ന് ജീവിച്ചിരിക്കുന്ന ഭൂരിഭാഗം പാണക്കാട്ടുക്കാരുടെയും പ്രിയപ്പെട്ട അധ്യാപകൻ കൂടിയാണ്.
കലങ്ങിയ കണ്ണുകളുമായി വീടുവിട്ടിറങ്ങി പ്രവേശനോത്സവത്തിൽ കണ്ണീരൊലിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് സാന്ത്വനം നൽകിയ പിതൃതുല്യനായ അധ്യാപകനാണ് അബ്ദുല്ല മാസ്റ്റർ.
സ്കൂളിൽ നിന്നും പടിയിറങ്ങിയതിന് ശേഷവും എവിടെ വെച്ച് കണ്ടാലും നിറപുഞ്ചിരിയോടുകൂടി വിദ്യാഭ്യാസത്തെക്കുറിച്ച്, കുടുംബത്തെക്കുറിച്ച് കുശലാന്വേഷണം നടത്തുന്ന അദ്ദേഹത്തെ കാണാൻ പോകുന്നതും ആ സ്നേഹചാരത്ത് ഇരിക്കുന്നതും ഏറെ സന്തോഷമുള്ള മുഹൂർത്തങ്ങളായിരുന്നു.
പണക്കാട് സി.പി.എം ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച അനുശോചന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കാൻ അവസരം ലഭിച്ചു.
സി.പി.എം ന്റെ സജീവ പ്രവർത്തകനും നേതാവുമായ അബ്ദുള്ള മാഷ് എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കിടയിലും സ്വീകാര്യനായ വ്യക്തിത്വമായിരുന്നു. കമ്യൂണിസത്തോട് നീതി പുലർത്തി ജീവിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ഒരേസമയം കർക്കശത്തോടെയും ലാളനയോടെയും പെരുമാറിയ അദ്ദേഹം മറക്കാനാവാത്ത ഒത്തിരി അധ്യാപക-വിദ്യാർത്ഥി സ്മരണകൾ ബാക്കി വെച്ചാണ് വിടപറയുന്നത്. അതുകൊണ്ട് തന്നെ മലപ്പുറം മുനിസിപ്പാലിറ്റി പാണക്കാട് നിർമ്മിക്കുന്ന ലൈബ്രറിക്ക് അബ്ദുല്ല മാഷുടെ പേര് നാമകരണം ചെയ്യാൻ വേണ്ടി ഭരണസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.