മലപ്പുറം: ട്രെയിന്‍ യാത്രക്കിടെ സംഘ്പരിവാര്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ ഓര്‍മ്മക്കായി വിദ്യാഭ്യാസ സ്ഥാപനം ഒരുക്കുന്നതിന് കൈകോര്‍ക്കണമെന്ന് മുനവ്വറലി തങ്ങള്‍. ‘ജുനൈദിന്റെ മാതാവുള്‍പ്പെടെ കുടുംബം പാണക്കാട് സന്ദര്‍ശിച്ചിരുന്നു. മാതാവിന്റെ ആഗ്രഹമാണ് മകന്റെ പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങണമെന്നത്. അതിനായി സ്വന്തം പേരിലുള്ള വസ്തുവകകള്‍ വിറ്റ് സമാഹരിച്ച 35 ലക്ഷം രൂപ ഒരേക്കര്‍ സ്ഥലത്തിനായി നല്‍കി ഈ ഉദ്യമത്തിലേക്ക് അവര്‍ കാലെടുത്ത് വെച്ചിരിക്കുകയാണ്. ഇനി ബാക്കി 15 ലക്ഷം രൂപ കൂടി നല്‍കേണ്ടതായിട്ടുണ്ട്.അത് നല്‍കിയാലേ സ്ഥലം ലഭ്യമാവൂ. ഇതവര്‍ നമ്മുടെ മുമ്പില്‍ വന്ന് പറയുന്നത് കേട്ടപ്പോള്‍, എന്തുകൊണ്ടും നമ്മളേറ്റെടുക്കേണ്ട അര്‍ഹമായ വിഷയമായാണ് തോന്നിയത്. അതിനാല്‍ ആ ഉദ്യമത്തിനായി നമുക്കൊന്നിച്ച് പ്രയത്‌നിക്കാം. എല്ലാവരും മുന്നിട്ടിറങ്ങണം’-മുനവ്വറലി തങ്ങള്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് തങ്ങള്‍ കുടുംബത്തിന്റെ സന്ദര്‍ശനം അറിയിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ജുനൈദിന്റെ ഉമ്മയും സഹോദരനും ഇന്ന് പാണക്കാട് വന്നിരുന്നു.രണ്ടര വര്‍ഷത്തിനിപ്പുറവും മകന്‍ മരിച്ച തീരാവേദനയില്‍ മനസ്സുരുകി കഴിയുന്ന ആ ഉമ്മയെയും സഹോദരനെയും കണ്ടപ്പോള്‍ വല്ലാത്ത വേദന തോന്നി.ഇന്നും മകന്റെ അസാധാരണ മരണത്തിന്റെ കഠിന ദു:ഖത്തില്‍ നിന്നും അവര്‍ മോചിതയായിട്ടില്ല. വല്ലാത്തൊരുവിതുമ്പലോടെയാണ് അവര്‍ സംസാരിച്ചത്. ജുനൈദിന്റെ ഓര്‍മ്മകള്‍ അവരെ ഇപ്പോഴും സങ്കടപ്പെടുത്തി കൊണ്ടിരിക്കുകയാണ്.ഒരു മാതാവിനും ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, അത്യന്തം വേദനാജനകമായ പൈശാചികതയായിരുന്നുവല്ലോ ജുനൈദിന്റെ അറും കൊല.
ജുനൈദിനെ മാത്രമല്ല, അവന്റെ സഹോദരനായ ശുക്കൂറിനെയും ഹാഷിമിനെയും അവര്‍ ആക്രമിക്കുകയുണ്ടായി. ട്രെയിനില്‍ രക്തത്തില്‍ പുരണ്ട് കൊല ചെയ്യപ്പെട്ട് കിടക്കുന്ന ജുനൈദിന്റെ ചിത്രം കാണിച്ചുതന്ന് അവര്‍ വീണ്ടും വികാരഭരിതയായി നമ്മുടെ മുമ്പില്‍ വിതുമ്പിക്കരഞ്ഞു.മകനെ കൊല ചെയ്ത കത്തിയും ഉയര്‍ത്തിപ്പിടിച്ചു അഭിമാനത്തോടെ നില്‍ക്കുന്ന, ആ കൊടും ക്രൂരനായ ഘാതകന്റെ ചിത്രവും അവര്‍ കാണിക്കുകയുണ്ടായി.ചെറിയ കാലയളവ് ജയിലില്‍ കിടത്തിയ ശേഷം കൊലയാളിയേയും വെറുതെ വിട്ടു. ഹരിയാന ഗവണ്‍മെന്റ് വാഗ്ദാനം ചെയ്ത പത്ത് ലക്ഷം രൂപ പോലും ഇന്നും ജുനൈദിന്റെ കുടുംബത്തിന് നല്‍കിയിട്ടില്ല. സഹോദരന് ഗവണ്‍മെന്റ് നല്‍കാമെന്നേറ്റ ജോലിയും ഇതുവരെയില്ല..
മൃഗത്തെ പോലെ ഒരു മനുഷ്യനെ കത്തികൊണ്ടറുത്തു കൊന്നിട്ടും അതിനെ ഇപ്പോഴും ചോദ്യം ചെയ്യാന്‍ ആരും തയ്യാറാല്ലാത്ത ഈ ദുരവസ്ഥ ഒന്നോര്‍ത്ത് നോക്കൂ.എത്രമേല്‍ ഭയാനകമാണിത്. ഇങ്ങനെ ആര്‍ക്കും എന്തും ആരെയും ചെയ്യാമെന്ന രാജ്യത്തെ പുതിയ സാമൂഹിക സാഹചര്യത്തെ കുറിച്ചോര്‍ത്ത് സ്തബ്ധിച്ചു പോവുകയാണ്. പക്ഷേ ജുനൈദിന്റെ പ്രിയ മാതാവ് ധീരയായ വനിതയാണ്. തീരാത്ത സങ്കടക്കടല്‍ മനസ്സിനെ കീറി മുറിക്കുമ്പോഴും ആ മുഖത്ത് നിശ്ചയദാര്‍ഢ്യമുണ്ട്. പക്ഷേ അവരുടെ പ്രതീക്ഷ അസ്തമിച്ചു പോയിരിക്കുന്നു. സംഘ് പരിവാര്‍ ഫാഷിസ്റ്റ് യുഗത്തില്‍ തന്റെ മകന് നീതി കിട്ടുമെന്നുള്ള വിശ്വാസം അവര്‍ക്കില്ലാതായിരിക്കുന്നു. അപ്പോഴും അവര്‍ക്കൊരു സ്വപ്നമുണ്ട്. ജുനൈദിനെ മതേതര മനസ്സിനുടമകളായ,മനുഷ്യ സ്‌നേഹികളായ ഇന്ത്യക്കാര്‍ മറന്നു പോകരുതെന്ന സ്വപ്നം.ചുരുങ്ങിയത് സ്വന്തം ഗ്രാമമെങ്കിലും അവനെ എക്കാലവും ഓര്‍ക്കണമെന്ന സ്വപ്നം. അതിന് തന്റെ പ്രിയപ്പെട്ട മകന്റെ പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ ഈ ഉമ്മ ആഗ്രഹിക്കുന്നു.സ്വന്തം പേരിലുള്ള വസ്തുവകകള്‍ വിറ്റ് സമാഹരിച്ച 35 ലക്ഷം രൂപ ഒരേക്കര്‍ സ്ഥലത്തിനായി നല്‍കി ഈ ഉദ്യമത്തിലേക്ക് അവര്‍ കാലെടുത്ത് വെച്ചിരിക്കുന്നു. ഇനി ബാക്കി 15 ലക്ഷം രൂപ കൂടി നല്‍കേണ്ടതായിട്ടുണ്ട്.അത് നല്‍കിയാലേ സ്ഥലം ലഭ്യമാവൂ.ഇതവര്‍ നമ്മുടെ മുമ്പില്‍ വന്ന് പറയുന്നത് കേട്ടപ്പോള്‍, എന്തുകൊണ്ടും നമ്മളേറ്റെടുക്കേണ്ട അര്‍ഹമായ വിഷയമായാണ് തോന്നിയത്.
അടുത്ത നിമിഷമെന്ത് എന്നുറപ്പില്ലാത്ത, നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ശിഷ്ടകാലം നമ്മുടെ സഹോദരന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ പ്രിയ മാതാവിന്റെ ജീവിതാഭിലാഷം പോലൊരു സ്ഥാപനം നമുക്ക് പണിയാം. ജുനൈദിന്റെ സ്മരണകളില്‍, അനീതിക്കെതിരെ പോരാടുന്ന ഒരു സമൂഹമായി ആസ്ഥാപനത്തിന്റെ സന്തതികള്‍ ഉയര്‍ന്നു വരട്ടെ.അസഹിഷ്ണുതയും അനീതിയും ചോദ്യം ചെയ്യുന്ന, സാഹോദര്യത്തിന് വേണ്ടി വിവേകത്തോടെ നിലകൊള്ളുന്ന,ലോകം കേള്‍ക്കുന്ന ശബ്ദത്തിന്റെ ഉടമകളായി ഒരു ഉമ്മത്തിനെ വളര്‍ത്തി കൊണ്ടുവരാന്‍ സാധിക്കുന്ന അത്തരമൊരു സ്ഥാപനത്തെ ജുനൈദിന്റെ പേരില്‍ നമുക്കൊന്നായി സാക്ഷാത്കരിച്ചു നല്‍കാം. എല്ലാവരും ഇതിനുവേണ്ടി മുന്നിട്ടിറങ്ങണം. സഹായിക്കണം. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ എന്നെയോ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈറിനെയോ എം.എസ്.എഫ് ദേശീയ വൈസ് അഹമ്മദ് സാജുവിനേയോ അല്ലെങ്കില്‍ പാര്‍ട്ടി ചാനലുകള്‍ വഴിയോ സഹായമെത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.ഈ മഹദ് ഉദ്യമം പ്രയാസങ്ങളില്ലാതെ യാഥാര്‍ത്ഥ്യമാവട്ടെ.

ഇഗ ്വൗയമശൃ +91 98464 24777
അവമാലറ ടമഷൗ +91 95443 46756
ദമശിൗഹ അയശറ +918589881000